
തിരുവനന്തപുരം: സിപിഐഎം നേതാവ് ജി സുധാകരനുമായുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമിടയിലിരിക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിരിയും ചിന്തയുമെന്ന ക്യാപ്ഷനിലായിരുന്നു ചിത്രം പങ്കുവെച്ചത്.
തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുക്കവേയായിരുന്നു ചിത്രമെടുത്തത്. പരിപാടിയില്‍ കെപിസിസി നേതാക്കള്‍ക്കൊപ്പം സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സുധാകരനേയും ദിവാകരനേയും വി ഡി സതീശന്‍ പുകഴ്ത്തി സംസാരിച്ചിരുന്നു.
നിയമസഭയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം പറയാറുണ്ടെന്നും എന്നാല്‍ സി ദിവാകരനെയും ജി സുധാകരനെയും കുറിച്ച് ഒരിക്കലും പറയേണ്ടി വന്നിട്ടില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. പ്രത്യയശാസ്ത്രത്തിന്റെ തടവുകാരാകാത്ത രണ്ടുപേരാണ് സി ദിവാകരനും ജി സുധാകരനും. ജി സുധാകരനെ നോക്കിക്കാണുന്നത് ആദരവോടെയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കുമൊപ്പമുള്ള സെല്‍ഫി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കുവെച്ചിരുന്നു. എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ശശി തരൂര്‍ ചിത്രം പങ്കുവെച്ചത്. ഡല്‍ഹി കേരള ഹൗസില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അത്താഴവിരുന്ന് നടത്തിയിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ഈ ചടങ്ങിനിടെയാണ് തരൂര്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പം സെല്‍ഫിയെടുത്തത്.
Content Highlights: Ramesh Chennithala shares image with V D Satheesan and G Sudhakaran