തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; അഞ്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കില്ലെന്നും സംഭവത്തില്‍ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നും തുഷാര്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ തുഷാര്‍ഗാന്ധി പ്രതിഷേധത്തിനെതിരെ ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

സംഭവത്തില്‍ അപലപിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുഷാര്‍ ഗാന്ധിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് എതിരായുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Content Highlights: case against RSS BJP workers who blocked Tushar Gandhi

dot image
To advertise here,contact us
dot image