തുഷാർ ഗാന്ധിയെ വഴി തടഞ്ഞ സംഭവം; ജനാധിപത്യത്തിന് നേരെയുളള കടന്നാക്രമണം, നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

'സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരണം'

dot image

തിരുവനന്തപുരം: തുഷാർ ഗാന്ധിക്ക് എതിരെയുള്ള അതിക്രമത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുഷാർ‌ ​ഗാന്ധിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് എതിരായുള്ള കടന്നാക്രമണമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തിൽ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം ചെയ്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരണം. ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ മൗനം പാലിക്കരുത്. കേരളത്തിൽ എത്തുന്ന ദേശീയ വ്യക്തിത്വങ്ങളെ വഴി തടയുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൊതുപ്രവർത്തകനും മഹാത്മാ ​ഗാന്ധിയുടെ കൊച്ചുമകനുമായ തുഷാർ‌ ​ഗാന്ധിയെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ വഴിതടഞ്ഞത്. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് നെയ്യാറ്റിൻകരയിൽ എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ​ഗാന്ധി പ്രസം​ഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർ​ഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

Content Highlights: CM Pinarayi Vijayan on the Incident of RSS-BJP Stopping Tushar Gandhi

dot image
To advertise here,contact us
dot image