
തിരുവനന്തപുരം: തുഷാർ ഗാന്ധി മഹാത്മാഗാന്ധിയെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. രാജ്യത്തെയും ആർഎസ്എസിനെയും തുഷാർ ഗാന്ധി അധിക്ഷേപിച്ചു. ഗാന്ധിയുടെ പേരുള്ള എല്ലാവരെയും മഹാത്മാക്കളായി കാണാൻ കഴിയില്ല. മഹാത്മാഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. തുഷാർ ഗാന്ധിയുടെ മാനസിക അവസ്ഥ പരിശോധിക്കണം. തുഷാർ ഗാന്ധിയെ തടഞ്ഞ് വെച്ചിട്ടില്ല. തുഷാർ ഗാന്ധി രാജ്യദ്രോഹ ശക്തികളുടെ ആയുധമാണെന്നും എസ് സുരേഷ് പറഞ്ഞു.
പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.
Content Highlights- 'Not everyone named Gandhi can be considered a Mahatma'; BJP state secretary against Tushar Gandhi