'കേന്ദ്രത്തിൻ്റെ കള്ളക്കളി, സമരനേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുന്നു'; വിമർശനവുമായി ദേശാഭിമാനി എഡിറ്റോറിയൽ

എട്ടുമണിക്കൂറിലേറെ ജോലി ചെയ്യുന്ന ആശമാരുടെ വേതന ന്യായമായ ആവശ്യമാണെന്നും എന്നാൽ കേന്ദ്രസർക്കാർ ആശമാരെ തൊഴിലാളികളായി അം​ഗീകരിച്ചിട്ടില്ലായെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയലിൽ പറയുന്നു

dot image

തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ കേന്ദ്ര സർക്കാരിനെയും ആശ വർക്കർമാരുടെ സമരനേതൃത്വത്തെയും വിമർശിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ആശമാരെ കരകയറ്റാൻ കേന്ദ്രം കള്ളകളി നിർത്തണമെന്ന തലക്കെട്ടിലെഴുതിയ ദേശാഭിമാനി എഡിറ്റോറിയലിലാണ് വിമർശനം ഉള്ളത്. അടിക്കടി ആവശ്യങ്ങൾ മാറ്റുന്ന സമരനേതൃത്വം ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ ഉത്തരവാദിത്വം മറച്ചുപിടിക്കാനാണ് ശ്രമിച്ചതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. എട്ടുമണിക്കൂറിലേറെ ജോലി ചെയ്യുന്ന ആശമാരുടെ വേതനം ന്യായമായ ആവശ്യമാണെന്നും എന്നാൽ കേന്ദ്രസർക്കാർ ആശമാരെ തൊഴിലാളികളായി അം​ഗീകരിച്ചിട്ടില്ലായെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയലിൽ പറയുന്നു. പ്രതിമാസം കേന്ദ്രം നൽകുന്ന നിശ്ചിത പ്രതിഫലം 2,000 രൂപ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ സമ്മതിച്ചിരുന്നുവെന്നും എന്നാൽ സ്വന്തം ഫണ്ടിൽനിന്ന് പ്രതിമാസം 7,000 രൂപ വീതം ആശമാർക്ക് ഓണറേറിയം നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കളവ് പറയുന്നവരായി ചിത്രീകരിക്കാൻ കേന്ദ്രം ശ്രമിച്ചുവെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലും അഖിലേന്ത്യാടിസ്ഥാനത്തിലും ആശമാരുടെ അവകാശസംരക്ഷണത്തിനായി എല്ലാക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. ആശ പദ്ധതി നിർത്തിവയ്ക്കാൻ 2012ൽ കേന്ദ്രം ശ്രമിച്ചത് തടയാനായത് സിഐടിയു നിരന്തര പ്രക്ഷോഭം നടത്തി. ആശ അടക്കമുള്ള പദ്ധ തിത്തൊഴിലാളികൾക്ക് മിനിമം കുലി, പെൻഷൻ, ഇപിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ തുടങ്ങിയവ അന്ന് മുന്നോട്ടുവച്ചിട്ടും കേന്ദ്രസർക്കാർ ഇതൊന്നും നടപ്പാക്കിയില്ലെന്നു മാത്രമല്ല, 2015നുശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കാൻ തയ്യാറാകുന്നില്ലെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ആശമാർക്ക് തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത്. ഇത്രയും പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന ബിജെപി യുടെ പ്രതിനിധികളെയാണ് തിരുവനന്തപുരത്ത് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതെന്നും എഡിറ്റോറിയലിൽ വിമർശനമുണ്ട്. ഇടതുപക്ഷത്തെ കരിവാരിത്തേക്കാൻ വഴിയിൽ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവർ ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എ‍ഡിറ്റോറിയലിൽ പറയുന്നു.

Content Highlights- 'The Centre should stop playing false to bring hope back'; Deshabhimani editorial criticizes the Centre

dot image
To advertise here,contact us
dot image