
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 'ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ല. മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍. അത് പറയുന്നതില്‍ എന്താണ് തെറ്റ്?'; കെ സുധാകരൻ ചോദിച്ചു.
ഫാസിസത്തിന്റെ വക്താക്കളായ ആര്‍ എസ് എസും ബി ജെ പി യും നടത്തിയത് ഗാന്ധിനിന്ദയാണെന്നും ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബിജെപി ഫാസിസ്റ്റാണോയെന്ന് ഇനിയെങ്കിലും സിപിഐഎം വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പുനല്‍കില്ലെന്നും സുധാകരന്‍ പറഞ്ഞു.
പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.
Content Highlights- The incident of stopping Tushar Gandhi; BJP's action is an insult to secular Kerala, says K Sudhakaran MP