
തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനര് നിര്ണയ വിഷയത്തില് അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാന് കേന്ദ്ര സര്ക്കാര് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തില് കുറവ് വരാതെ വേണം പുനര് നിര്ണയം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനസംഖ്യാ നിയന്ത്രണ നടപടികള് കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള് ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സര്ക്കാരുകള് കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികള്ക്കും കുടുംബാസൂത്രണ നയങ്ങള്ക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങള്ക്ക് പാര്ലമെന്റില് ആനുപാതിക പ്രാതിനിധ്യത്തില് കുറവു വരുത്തുന്നത് അനീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലെല്ലാം വീഴ്ച വരുത്തിയ സംസ്ഥാനങ്ങള്ക്ക് പാരിതോഷികം നല്കുന്നതിന് തുല്യമാകും അത്. 1952, 1963, 1973 വര്ഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനര്നിര്ണയ പ്രക്രിയ നടത്തിയത്. എന്നാല്, 1976 ല് 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000 ന് ശേഷമുള്ള ആദ്യ സെന്സസ് (2001) വരെ താത്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്. സംസ്ഥാനങ്ങള്ക്കിടയില് ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടര്ന്നതിനാല് 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കല് 2026-ന് ശേഷമുള്ള ആദ്യ സെന്സസ് (2031) വരെ ദീര്ഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്ക്കുകയാണ്. അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്ക്കാരിന്റെ ധൃതിപിടിച്ച പുതിയ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങള്ക്ക് പ്രോ-റേറ്റാ അടിസ്ഥാനത്തില് അധിക മണ്ഡലങ്ങള് ലഭിക്കുമെന്ന കേന്ദ്രസര്ക്കാര് വാദങ്ങള് മുഖവിലയ്ക്കെടുക്കാന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ പാര്ലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ ഈ പ്രോ-റേറ്റാ വിതരണം നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത നല്കാന് കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ഈ രണ്ടു രീതിയില് ആയാലും ദക്ഷിണേന്ത്യന് സംസ്ഥാനങ്ങള്ക്ക് പ്രാതിനിധ്യ നഷ്ടമാണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന് കേന്ദ്ര സര്ക്കാര് തയ്യാറാകണം. ഏകപക്ഷീയമായ നടപടികള് ഒഴിവാക്കി ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്ക്കാരിന്റെതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Conent Highlights- CM Pinarayi vijayan against central government on delimitation of loksabha constituencies