വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; അന്വേഷണ സംഘം കെ സുധാകരൻ്റെ മൊഴിയെടുക്കും

എൻ എം വിജയൻ സുധാകരന് അയച്ച് കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്

dot image

വയനാട്: മുൻ ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ കെ പി സി സി പ്രസിഡ‍ൻ്റ് കെ സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുക്കുക. എൻ എം വിജയൻ സുധാകരന് അയച്ച് കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന്‍ നേരത്തെ സുധാകരന് കത്തയച്ചിരുന്നുവെന്ന വിവരങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നു. എന്‍ എം വിജയൻ്റെ കത്ത് വായിച്ചിരുന്നുവെന്ന് കെ സുധാകരൻ സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. 'നേരത്തെ തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമചിത്തത പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞിരുന്നു. പച്ചമലയാളത്തില്‍ എല്ലാവരും തൂങ്ങും, മാന്യമായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനോട് ഉള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നു'വെന്നുമായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.

Content highlights- NM Vijayan's death; Investigation team to record K Sudhakaran's statement

dot image
To advertise here,contact us
dot image