
തിരുവനന്തപുരം: കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി. 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം(1), ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂര്‍ (21), കാസര്‍ഗോഡ് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തൃശൂര്‍ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്. രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 96 ജില്ലകളിലുള്ള 11,348 ജനവാസകേന്ദ്രങ്ങളിലെ വെള്ളത്തിലും മാലിന്യമുണ്ടെന്നാണ് കണ്ടെത്തല്‍. അസം, ബിഹാര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ലവണാംശം, ഇരുമ്പ്, നൈട്രേറ്റ്, ഖനലോഹങ്ങള്‍ തുടങ്ങിയ മലിനീകരണങ്ങള്‍ക്കുള്ള ഹ്രസ്വകാല നടപടികളൊന്നും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 9 ജില്ലകളിലെ 32 ജനവാസകേന്ദ്രങ്ങളില്‍ റേഡിയോ ആക്റ്റീവ് മൂലകമായ യുറേനിയമാണ് കണ്ടെത്തിയത്. വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങള്‍ മരണത്തിലേക്ക് വരെ നയിക്കാം.
ഇത്തരം ദുര്‍ബലമായ പ്രദേശങ്ങളില്‍ സുരക്ഷിതമായ കുടിവെള്ളം നല്‍കാന്‍ ഉടനടിയുള്ള നടപടി സ്വീകരിക്കണമെന്നും ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 22 പ്രദേശങ്ങളില്‍ ഇടക്കാല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും 10 ജനവാസ കേന്ദ്രങ്ങള്‍ നടപടിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Report says 10 districts in Kerala have contaminated drinking water