
തിരുവനന്തപുരം: 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി റിപ്പോർട്ടർ ടി വി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ൻ തിരുവനന്തപുരത്ത് ആരംഭിച്ചു. വിഴിഞ്ഞം മുതൽ മാർ ഇവാനിയോസ് കോളേജ് വരെയാണ് പ്രചാരണ യാത്ര. രാവിലെ വിഴിഞ്ഞം ഹാർബറിൽ നിന്നും ആരംഭിച്ച ക്യാംപെയ്ൻ വള്ളക്കടവ് മുസ്ലിം ജമാഅത്ത് സ്കൂൾ, ശംഖുമുഖം ബീച്ച്, കവടിയാർ, സെക്രട്ടേറിയറ്റ്, സ്റ്റ്യാച്യു, മാർ ഇവാനിയോസ് കോളേജ് വരെയാണ് സഞ്ചരിക്കുക.
കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ മഹാജ്വാല പകർന്നുകൊണ്ടാണ് റിപ്പോർട്ടർ ടി വി War Against Drugs ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാംപെയ്നാണ് റിപ്പോർട്ടർ ടി വി തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയിൽ നാളെയാണ് ക്യാംപെയ്ൻ.
'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി മാർച്ച് എട്ടിന് മഞ്ചേരിയിൽ നിന്നും ആരംഭിച്ച് കോഴിക്കോട് ബീച്ചിൽ സമാപിച്ച റിപ്പോർട്ടർ ടി വി സംഘടിപ്പിച്ച മഹാറാലിക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. ഫുട്‌ബോൾ ലഹരിയുടെ നാടായ മലപ്പുറത്തെ മഞ്ചേരിയിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച മഹാ വാഹന റാലി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും യുഎ ലത്തീഫ് എംഎൽഎയും റിപ്പോർട്ടർ ടിവി എഡിറ്റോറിയൽ ടീമും നാട്ടുകാരും ചേർന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിയ ശേഷമായിരുന്നു ഫ്ളാഗ് ഓഫ്. അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം എന്നിവിടങ്ങളിൽ റാലിക്ക് സ്വീകരണമുണ്ടായിരുന്നു. ദൃശ്യ മാധ്യമ ലോകത്ത് പുതു ചരിത്രം സൃഷ്ടിച്ചുകൊണ്ട് നടത്തിയ റാലിയിൽ ലഹരിക്കെതിരെ ആയിരങ്ങളാണ് അണിനിരന്നത്.
കോഴിക്കോട് സമാപന സമ്മേളനത്തിൽ നടന്ന ചർച്ചയിൽ നിരവധി രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. റാലികളിൽ പങ്കെടുത്തവർ അവരുടെ അനുഭവങ്ങളും ആശങ്കകളും നിർദേശങ്ങളും പങ്കുവെച്ചു. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ റിപ്പോർട്ടർ ടിവിയുടെ മഹാറാലിക്ക് ആശംസകൾ നേർന്നിരുന്നു.
മഞ്ചേരിയിൽ നിന്ന് തുടങ്ങി അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം വഴി കോഴിക്കോട് ബീച്ചിൽ അവസാനിക്കുന്ന രീതിയിലായിരുന്നു മഹാ റാലി. കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ മഹാജ്വാല പകർന്നുകൊണ്ടാണ് റിപ്പോർട്ടർ ടി വി War Against Drugs ക്യാമ്പയിൻ സംഘടിപ്പിച്ചത്.
Content Highlights: War against Drug Rally conducted by Reporter TV begins at Thiruvananthapuram