'ഇതുവരെ ലഹരി ഉപയോഗിച്ചില്ല, ടെസ്റ്റ് ചെയ്യാനും തയ്യാര്‍'; കഞ്ചാവ് കേസിൽ കളമശ്ശേരി പോളിയിലെ എസ്എഫ്‌ഐ നേതാവ്

അഭിരാജ് ഒരു സിഗരറ്റ് പോലും വലിക്കാത്തയാളാണെന്നും കെഎസ്‌യുവിൻ്റെ പദ്ധതിയാണോയെന്ന് സംശയമുണ്ടെന്നും എസ്എഫ്‌ഐ കളമശ്ശേരി ഏരിയ പ്രസിഡൻ്റ് ദേവരാജ്

dot image

കൊച്ചി: വൈരാഗ്യത്തോടെയാണ് പൊലീസ് പെരുമാറിയതെന്ന് കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കളമശ്ശേരി പോളി ടെക്‌നിക് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിരാജ്. റെയ്ഡ് നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നില്ലെന്നും ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടാല്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പറഞ്ഞ് പൊലീസ് അധിക്ഷേപിച്ചെന്നും അഭിരാജ് പറഞ്ഞു.

'ഹോസ്റ്റലില്‍ കുറേ പേര്‍ വന്ന് പോകാറുണ്ട്. ഇന്നലെ ആരെങ്കിലും വന്ന് പോയതാണോയെന്ന് അറിയില്ല. എന്റെ മുറിയില്‍ രണ്ട് പേരാണ് താമസിക്കുന്നത്. റെയ്ഡ് നടക്കുന്ന മുറിയില്‍ ആ സമയത്ത് ആരും ഉണ്ടായില്ല. മുറി പൂട്ടാറുമില്ല. എസ്എഫ്‌ഐയാണെന്ന് പറഞ്ഞപ്പോള്‍ എന്നോട് ദേഷ്യപ്പെട്ടാണ് പൊലീസ് പെരുമാറിയത്. കണ്ടാല്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് അറിയാമെന്ന് പൊലീസ് പറഞ്ഞു. എന്റെ മുറിയില്‍ നിന്ന് എവിടെ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ മുറിയില്‍ താഴെ കിടന്നതെന്നാണ് പൊലീസ് പറഞ്ഞത്', അഭിരാജ് പറഞ്ഞു.

തോരണങ്ങള്‍ കെട്ടാന്‍ കോളേജില്‍ പോയ സമയത്താണ് പൊലീസ് വരുന്നത് കണ്ടതെന്നും ഉടനെ ഹോസ്റ്റലില്‍ പോയെന്നും അഭിരാജ് പറഞ്ഞു. ആദ്യം മറ്റൊരു പ്രതിയായ ആകാശിന്റെയും കെഎസ്‌യു നേതാവ് ആദിലിന്റെയും മുറിയിലേക്ക് തന്നെ വിളിച്ച് കൊണ്ടുപോയെന്നും അഭിരാജ് പറഞ്ഞു. പിന്നീടാണ് തന്റെ മുറിയിലേക്ക് പോയതെന്നും അഭിരാജ് പറഞ്ഞു.

'യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണെന്നും കോളേജില്‍ പരിപാടിയുണ്ടെന്നും പറഞ്ഞു. യൂണിയനാണോ, പൊലീസാണോ വലുതെന്ന് എന്നോട് ചോദിച്ചു. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും പൊലീസ് പറഞ്ഞു. എന്നിട്ട് എന്നെ വിളിച്ച് മുകളിലേക്ക് പോയി. എന്റെ മുറിയിലും അപ്പോള്‍ ആളുകളുണ്ടായിരുന്നു. നിന്റെ മുറിയിലും സാധനമുണ്ടല്ലോയെന്ന് പറഞ്ഞു. എന്റെ ദേഹം പരിശോധിച്ചോയെന്നും ഞാന്‍ ഇതുവരെ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും ഞാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്റെ തലയിലിട്ടതാണ്. എനിക്ക് ഒന്നും അറിയില്ല. ഞാന്‍ വന്ന് നോക്കുമ്പോള്‍ കുറേ കുപ്പികളൊക്കെ എന്റെ മേശയില്‍ വെച്ചിരുന്നു. അവിടെ നിന്ന് പിടിച്ചതാണോയെന്ന് അറിയില്ല', അഭിരാജ് പറഞ്ഞു.

മുറി മുഴുവന്‍ അലങ്കോലമാക്കിയിരിക്കുകയാണെന്നും അഭിരാജ് പറഞ്ഞു. മറ്റാരെങ്കിലും കഞ്ചാവ് കൊണ്ടിട്ടതാണോയെന്ന് അറിയില്ലെന്നും പരാതി നല്‍കുമെന്നും അഭിരാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചോയെന്ന് തെളിയിക്കാന്‍ എന്ത് മെഡിക്കല്‍ ടെസ്റ്റ് ചെയ്യാനും തയ്യാറാണെന്നും അഭിരാജ് കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിരാജ് ഒരു സിഗരറ്റ് പോലും വലിക്കാത്തയാളാണെന്നും കെഎസ്‌യുവിന്റെ പദ്ധതിയാണോയെന്ന് സംശയമുണ്ടെന്നും എസ്എഫ്‌ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജും പ്രതികരിച്ചു.

'പൊലീസിനെ കണ്ട് പല വിദ്യാര്‍ത്ഥികളും ഓടി രക്ഷപ്പെട്ടിട്ടുണ്ട്. അവരെ പിടിക്കാന്‍ പൊലീസ് ഒന്നും ചെയ്തിട്ടില്ല. ആദിലിന്റെയും ആകാശിന്റെയും മുറിയില്‍ നിന്നാണ് രണ്ട് കിലോയ്ക്ക് മുകളില്‍ കഞ്ചാവ് കിട്ടിയത്. ആദില്‍ ഇന്നലെ രാത്രി ക്യാംപസിലുണ്ടായിരുന്നു. റെയ്ഡ് നടന്ന പശ്ചാത്തലത്തില്‍ ആദില്‍ ഹോസ്റ്റലില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കെഎസ്‌യുവിന്റെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി കഴിഞ്ഞ വര്‍ഷം മത്സരിച്ചയാളാണ് ആദില്‍. രണ്ട് കിലോ കഞ്ചാവ് പിടിച്ച കേസില്‍ ആകാശിനെ അറസ്റ്റ് ചെയ്തു. ആദിലും അനന്തുവെന്ന മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആകാശ് മൊഴി നല്‍കിയിട്ടുണ്ട്. അനന്തുവും ക്യാംപസില്‍ സജീവമായ കെഎസ്‌യു പ്രവര്‍ത്തകനാണ്', ദേവരാജ് പറഞ്ഞു.

അഭിരാജിന്റെ കയ്യില്‍ നിന്നോ ഷര്‍ട്ടില്‍ നിന്നോ ബാഗില്‍ നിന്നോ ലഹരി പിടിച്ചിട്ടില്ലെന്നും പിടിക്കപ്പെട്ടപ്പോള്‍ തന്നെ താനിത് ഉപയോഗിക്കുന്നില്ലെന്ന് അഭിരാജ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൊലീസ് അഭിരാജിനെ ഭീഷണിപ്പെടുത്തി കേസെടുക്കുകയാണ് ചെയ്തതെന്ന് ദേവരാജ് പറഞ്ഞു. കെഎസ്‌യുവിന്റെ ആദിലും അനന്തുവും ഒളിവിലാണെന്നും ഇവരെ പൊലീസ് അന്വേഷിക്കുന്നില്ലെന്നും ദേവരാജ് പറഞ്ഞു. അഭിരാജിനെ കുടുക്കിയതാണെന്ന സംശയമുണ്ടെന്നും ദേവരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: SFI Poly Technic college leader reaction who arrested for cannabis case

dot image
To advertise here,contact us
dot image