
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ എസ്എഫ്‌ഐ പ്രാദേശിക നേതൃത്വത്തെ തള്ളി സംസ്ഥാന നേതൃത്വം. എസ്എഫ്‌ഐ പ്രവര്‍ത്തകന് ജാഗ്രത കുറവുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകനെതിരെ നടപടി ഉണ്ടാകും.വൈദ്യ പരിശോധനയ്ക്ക് തയ്യാറെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പറഞ്ഞിട്ടുണ്ട്. പ്രവര്‍ത്തകന്റെ ഭാഗം കൂടി കേട്ട ശേഷം നടപടിയിലേക്ക് കടക്കുമെന്നും സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്‌യു പ്രവര്‍ത്തകന്റെ മുറിയില്‍ നിന്ന് രണ്ട് കിലോയ്ക്ക് അടുത്ത് കഞ്ചാവ് പിടിച്ചെടുത്തു. എന്നാല്‍ അത് ചര്‍ച്ച ചെയ്യുന്നില്ല. അതേപ്പറ്റി കെഎസ്‌യു നേതൃത്വം മറുപടി പറയണം. കെഎസ്‌യു പ്രവര്‍ത്തകന്‍ പുറത്തിറങ്ങിയ ശേഷം പറഞ്ഞത് വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. കഞ്ചാവിന്റെ ഉറവിടം കണ്ടെത്തണമെന്നും പി എസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ്, കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അഭിരാജ് എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. കേസില്‍ തന്നെ കുടുക്കുകയായിരുന്നു എന്നായിരുന്നു സംഭവത്തിന് പിന്നാലെ അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഭിരാജിനേയും ആദിത്യനേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ആകാശിനെ കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടിയതായായിരുന്നു പുറത്തുവന്ന വിവരം.
Content Highlights- sfi state secretary on kalamassery polytechnic cannabis hunt