
ആലപ്പുഴ: ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ കൈകുഞ്ഞുമായി സമരം ഇരിക്കാനൊരുങ്ങി യുവതി. വാടയ്ക്കൽ സ്വദേശിനി സബിതയാണ് ഭർത്താവ് സോണിയുടെ വീടിന് മുന്നിൽ സമരത്തിനൊരുങ്ങുന്നത്. ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമാണെന്ന് യുവതി റിപ്പോർട്ടറിനോട് പറഞ്ഞു. ബന്ധുവിന്റെ കല്യാണത്തിന് പോയതിന് വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ഭർത്താവ് തന്നെ നിരന്തരം മർദിക്കാറുണ്ടെന്നും യുവതി വെളിപ്പെടുത്തി. ഗർഭാവസ്ഥയിലും പ്രസവ ശേഷവും ഭർത്താവായ സോണി തന്നെ തിരിഞ്ഞു നോക്കിയില്ല. സ്വർണാഭരണവും സർട്ടിഫിക്കറ്റുകൾ പിടിച്ചുവെച്ചുവെന്നും സോണിയും ബന്ധുക്കളും തന്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും യുവതി അറിയിച്ചു.
പൊലീസിൽ പരാതി നൽകാൻ പോയെങ്കിലും കേസെടുക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ മാതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുന്നതുമായ സോണിയുടെ ശബ്ദ സന്ദേശം യുവതി പുറത്ത് വിട്ടു. 'നിൻ്റെ അമ്മയെ ഞാൻ വെറുതെ വിടില്ല, നിൻ്റെ അമ്മയെ ഞാൻ കൊല്ലും. ഞാൻ പറഞ്ഞതെല്ലാം നടന്നിട്ടുണ്ട്, നടക്കുകയും ചെയ്യും. ഇപ്പോൾ ആ കേസ് വന്നത് കൊണ്ട് മാത്രമാണ് നിങ്ങൾ അവിടെ മര്യാദയ്ക്ക് നിൽക്കുന്നത്.' എന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്
Content Highlights-Threats and harassment: Woman prepares to sit on strike with baby in husband's house