കുന്ദമംഗലം ലഹരിക്കേസ്; പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത രണ്ട് ടാന്‍സാനിയ സ്വദേശികള്‍ പഞ്ചാബില്‍ പിടിയില്‍

ഡേവിഡ് കമ്പ്യൂട്ടര്‍ സയന്‍സ് പിജി വിദ്യാര്‍ത്ഥിയും ഹഡ്ക ബിബിഎ വിദ്യാര്‍ത്ഥിനിയുമാണ്

dot image

കോഴിക്കോട്: അന്തരാഷ്ട ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പൊലീസ് പിടികൂടി. ടാന്‍സാനിയ സ്വദേശികളായ ഡേവിഡ് എന്റമി, ഹഡ്ക അരുണ എന്നിവരെയാണ് പഞ്ചാബില്‍ നിന്ന് പൊലീസ് പിടികൂടിയത്. കുന്ദമംഗലം പൊലീസ് ജനുവരി 21ന് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിലാണ് വന്‍ നടപടി. ഡേവിഡ് കമ്പ്യൂട്ടര്‍ സയന്‍സ് പിജി വിദ്യാര്‍ത്ഥിയും ഹഡ്ക ബിബിഎ വിദ്യാര്‍ത്ഥിനിയുമാണ്.

കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളായ മുഹമ്മദ് അജ്മല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ടാന്‍സാനിയ സ്വദേശികളില്‍ എത്തിയതെന്ന് കോഴിക്കോട് ഡിസിപി അരുണ്‍ കെ പവിത്രന്‍ പറഞ്ഞു. മുഹമ്മദ് അജ്മല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബിലും ഡല്‍ഹിയിലും വ്യാപക അന്വേഷണം നടത്തി. ഇതിനിടെയാണ് കുന്ദമംഗലം കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് ഡേവിഡും ഹഡ്കയുമാണെന്ന വിവരം ലഭിച്ചത്. പ്രതികള്‍ പഞ്ചാബിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം അവിടെ എത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഡിസിപി പറഞ്ഞു.

പ്രതികള്‍ നയിച്ചത് ആഡംബര ജീവിതമാണെന്നും ഡിസിപി അരുണ്‍ കെ പവിത്രന്‍ പറഞ്ഞു. ഇവരുടെ അക്കൗണ്ടിലൂടെ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ ഇടപാട് നടന്നു. കേരളത്തിലേക്ക് ലഹരി കടത്തിയാല്‍ സോഴ്‌സില്‍ പോയി പിടികൂടുമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു. വിമാന മാര്‍ഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച ടാന്‍സാനിയ സ്വദേശികളെ കുന്ദമംഗം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Content Highlights- Two tanzania people arrested for drug case in punjab by kerala police

dot image
To advertise here,contact us
dot image