'കോകിലയെ എടീ പോടി എന്ന് വിളിച്ചാല്‍ ഞാന്‍ നടനായിരിക്കില്ല, ഇടിക്കേണ്ടി വരും'; ന്യായം നോക്കില്ലെന്ന് ബാല

മുന്‍ പങ്കാളി എലിസബത്ത് വെബ് സീരീസ് പോലെ എപ്പിസോഡ് ഉണ്ടാക്കി അപമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാല

dot image

കൊച്ചി: ഭാര്യ കോകിലയെ എടീ പോടീ എന്ന് വിളിച്ചാല്‍ താന്‍ നടനായിരിക്കില്ലില്ലെന്നും ഇടിക്കേണ്ടി വരുമെന്നും നടന്‍ ബാല. ഇക്കാര്യത്തില്‍ ന്യായം നോക്കില്ല. തന്റെ കാര്യം മാത്രമല്ല. ഏതൊരാളും ആയാളുടെ ഭാര്യയെ ആരെങ്കിലും പറഞ്ഞാല്‍ പ്രതികരിച്ച് പോകും. വയലന്‍സ് വേണ്ട എന്ന നിലയിലാണ് നിയമപരമായി മുന്നോട്ടുപോകുന്നതെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ സ്വീകരിച്ച നടപടി എല്ലാവര്‍ക്കും മാതൃകയായിരിക്കും. തങ്ങള്‍ ജയിച്ചിരിക്കുമെന്നും ബാല കൂട്ടിച്ചേര്‍ത്തു.

മുന്‍ പങ്കാളി എലിസബത്ത് വെബ് സീരീസ് പോലെ എപ്പിസോഡ് ഉണ്ടാക്കി അപമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാല പറഞ്ഞു. ഒരു രോഗിയാണ് താന്‍. ജീവിതം മുഴുവന്‍ മരുന്ന് കഴിക്കണം. തനിക്ക് സമാധാനമായി ജീവിക്കണം. മരിച്ചുപോയ തനിക്ക് ദൈവം ഒരു ജീവിതം തന്നു, ആ ജീവന്‍ എടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തങ്ങള്‍ രണ്ട് പേരും നന്നായി ജീവിക്കുന്നത് ഇഷ്ടമല്ലേയെന്നും ബാല ചോദിക്കുന്നു.

താന്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യനാണെന്നും ആ താന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്യുമോ എന്നും ബാല ചോദിച്ചു. ഒന്നര-രണ്ട് വര്‍ഷം ഒരു ഒരു സ്ത്രീയെ റേപ്പ് ചെയ്യുമോ എന്നും ബാല ആഞ്ഞടിച്ചു. ഒരു വട്ടം ചെയ്താലല്ലേ റേപ്പ്? പിന്നേം പിന്നേം ചെയ്താല്‍ അത് എങ്ങനെ റേപ്പാകും? അങ്ങനെ ചെയ്‌തെങ്കില്‍ ഡോക്ടറായ എലിസബത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബാല ചോദിച്ചു. ഇതൊരു കൂട്ടായ ആക്രമണമാണെന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായി. ആരാളല്ല, നാലഞ്ച് പേരാണ് ചെയ്യുന്നത്. ഇതിനൊരു ക്യാപ്റ്റനുണ്ടെന്ന് പറഞ്ഞത് സത്യമായില്ലേയെന്നും ബാല ചോദിച്ചു.

മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ ബാല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാല പരാതി നല്‍കിയത്. ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്ന് എലിസബത്ത് തുടര്‍ച്ചയായി അപമാനിക്കുകയാണ്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നു. പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബാലയുടെ മുന്‍ പങ്കാളിയും ഗായികയുമായ അമൃത സുരേഷ്, എലിസബത്ത്, അജു അലക്‌സ് എന്നിവര്‍ക്കെതിരെ ബാലയുടെ ഭാര്യ കോകിലയും പരാതി നല്‍കിയിരുന്നു. ഈ മൂന്ന് പേര്‍ തനിക്കും ബാലയ്ക്കുമെതിരെ അപവാദ പ്രചാരണം നടത്തുന്നു എന്നായിരുന്നു കോകില പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി ബാലയും എലിബസത്തും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് രംഗത്തെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. ചില ഘട്ടങ്ങളില്‍ ബാലയുടെ ഭാര്യ കോകിലയും വിഷയത്തില്‍ ഇടപെടുകയും പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ എലിസബത്തിനെതിരെ കോകില ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എലിസബത്ത് നേരത്തേ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചത് എന്നുമായിരുന്നു കോകില ആരോപിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി എലിസബത്തും രംഗത്തെത്തി. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യ ഭര്‍ത്താവെന്നും വെറും മൂന്ന് ആഴ്ചകള്‍ മാത്രമായിരുന്നു തങ്ങള്‍ ഒന്നിച്ച് താമസിച്ചതെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. വിവാഹമോചനത്തിന് തന്നെ സഹായിച്ചത് ബാലയായിരുന്നു. കൂടെയുണ്ടെന്ന് ധരിച്ചിരുന്ന നടനും തന്നെ ചതിച്ചെന്നും അയാളെക്കുറിച്ചും വരുന്ന വീഡിയോയില്‍ പറയുമെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലയും കോകിലയും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Content Highlights- actor bala reaction on clash with ex wife elizabeth udayan

dot image
To advertise here,contact us
dot image