'കഞ്ചാവ് കേസിൽ അറസ്റ്റിലായവർ കെഎസ്‌യു പ്രവർത്തകർ'; എസ്എഫ്ഐയെ വേട്ടയാടേണ്ടെന്ന് പി എസ് സഞ്ജീവ്

വി ഡി സതീശന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളി കളയുന്നുവെന്നും പി എസ് സഞ്ജീവ് പറയുന്നു

dot image

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരി വേട്ടയിൽ എസ്എഫ്ഐയെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നൽകുകയാണ്. പൂർവ്വ വിദ്യാർത്ഥികൾ എന്ന പേരിൽ പിടിയിലായ ഷാലിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവർ കെഎസ്‌യു പ്രവർത്തകർ എന്ന് ഒരു മാധ്യമവും പറയുന്നില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ ആകാശ് കെഎസ്‌യു പ്രവർത്തകനാണ്. നിലവിൽ അറസ്റ്റിലായ മൂന്ന് പേരും കെഎസ്‌യു പ്രവർത്തകരാണെന്നും പി എസ് സഞ്ജീവ് പറയുന്നു. പ്രതിപക്ഷ നേതാവ് എസ്എഫ്ഐ വിരുദ്ധ രാഷ്ട്രീയം മാത്രമാണ് പറയുന്നത്. ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല എസ്എഫ്ഐ. വി ഡി സതീശന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളി കളയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാത്ത ഒരാളായതുകൊണ്ടാണ് രമേശ്‌ ചെന്നിത്തലയ്ക്ക് ഇന്നത്തെ അവസ്ഥ വന്നത്. മൂന്ന് കെഎസ്‌യു നേതാക്കൾ പിടിയിലായിട്ടും മന്ത്രിമാർ പക്വതയോടെ പ്രതികരിച്ചു. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെയാണ് അവർ പ്രതികരിച്ചെന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി.

അതിനിടെ കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്‌നിക്കിലെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു അഭിരാജ്. സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാന്‍ ശ്രമം നടന്നു എന്നായിരുന്നു അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ അഭിരാജിന് പുറമേ കെഎസ്‌യു പ്രവര്‍ത്തകന്‍ ആകാശ്, ആദിത്യന്‍ എന്നിവരെയും പിടികൂടി. ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്നാണ് 1.9 കിലോ കഞ്ചാവ് പിടികൂടിയത്. അറസ്റ്റ് ചെയ്ത അഭിരാജിനേയും ആദിത്യനേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ആകാശിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

content highlights : 'KSU workers arrested in ganja case'; P. S. Sanjeev said that SFI should not be hunted

dot image
To advertise here,contact us
dot image