
കൊച്ചി; റിപ്പോർട്ടർ ടിവിയുടെ 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയ്നിൽ മന്ത്രി പി രാജീവും ഭാഗമായി. രാജ്യത്തും ലോകത്തും എല്ലാം ലഹരി വ്യാപിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ലഹരി വ്യാപിക്കുന്നത് തടയണമെന്നും അതിനായി ഒന്നിച്ച് പരിശ്രമിക്കണമെന്നും, അങ്ങനെയെങ്കിൽ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും പി രാജീവ് പറഞ്ഞു. പൊലീസിന്റേയും, എക്സൈസിന്റേയും ഭാഗത്ത് നിന്ന് അതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയാണെങ്കിലും സഭയിൽ ഈ ഒരു വിഷയത്തിൽ കൃത്യമായി തന്നെയാണ് മറുപടി നൽകിയത്.
കുടുംബത്തിൽ വന്ന മാറ്റങ്ങൾ, കുട്ടികൾ എങ്ങനെ അവരുടെ ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്നു ഇവയെക്കുറിച്ചൊക്കെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും പി രാജീവ് അനുസ്മരിച്ചു. നമ്മളെല്ലാവരും ഒന്നിച്ച് ഇറങ്ങിക്കഴിഞ്ഞാൽ നമുക്ക് ലഹരിയെ പ്രതിരോധിക്കാൻ കഴിയും എന്ന് തന്നെയാണ് കണക്കാക്കുന്നത് എന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു. കേന്ദ്രഗവണമെന്റ് നിയമം കുറച്ച്കൂടി കർക്കശമാക്കണമെന്ന് ആവശ്യപ്പെട്ട പി രാജീവ് പൊതു ബോധവൽക്കരണം നടത്തുക കുട്ടികൾക്ക് വരുന്ന ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കുക, തുടങ്ങിയവയൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. സ്കൂളുകളിലുൾപ്പടെ ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനകത്ത് ഒരു തുറന്ന അന്തരീക്ഷം ഇല്ലാതെ ആകുന്നതും കുട്ടികളിലെ ലഹരി ഉപയോഗം കൂടുന്നതിന് ഒരു പ്രധാന കാരണമാണെന്നും പി രാജീവ് വ്യക്തമാക്കി.
ഇന്ന് രാവിലെ 6.30 ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരുന്നു കടന്ന് പോയത്. കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ മഹാജ്വാല പകര്‍ന്നുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ടി വി War Against Drugs ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാംപെയ്‌നാണ് റിപ്പോര്‍ട്ടര്‍ ടി വി നടത്തുന്നത്. 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി മാര്‍ച്ച് എട്ടിന് മഞ്ചേരിയില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് ബീച്ചില്‍ സമാപിച്ച റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിച്ച മഹാറാലിക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്ത് റാലി എത്തിയത്.
Content Highlights :'The evil nexus that uses the new generation is strong'; There is no open atmosphere within the family: P Rajeev