ബാക്കി രണ്ട് കിലോയെവിടെ? കളമശ്ശേരി പോളിയിൽ എത്തിച്ചത് നാല് കിലോ കഞ്ചാവെന്ന് പ്രതികളുടെ മൊഴി

വാഹന പരിശോധനയില്‍ മൂന്നുപേരെ കഞ്ചാവുമായും 11 പേരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിലും പൊലീസ് പിടികൂടി

dot image

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ എത്തിച്ചത് നാല് കിലോ കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ പൊലീസ് കണ്ടെത്തിയത് രണ്ട് കിലോയാണ്. ബാക്കി രണ്ട് കിലോ കഞ്ചാവ് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വില്‍പ്പന നടത്തിയെന്നാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസം രാത്രി കുസാറ്റിന് സമീപത്തെ ഹോസ്റ്റലുകളില്‍ പൊലീസ് പരിശോധന നടത്തി. നാല് പേരില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി. പ്രൈവറ്റ് ഹോസ്റ്റലുകളിലും പിജികളിലുമായിരുന്നു പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലും രാത്രി വ്യാപക പരിശോധന നടത്തിയിരുന്നു. വാഹന പരിശോധനയില്‍ മൂന്നുപേരെ കഞ്ചാവുമായും 11 പേരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിലും പൊലീസ് പിടികൂടി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിരാജ്, കെഎസ്യു പ്രവര്‍ത്തകന്‍ ആകാശ്, ആദിത്യന്‍ എന്നിവരെയും പിടികൂടി.

ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്നാണ് 1.9 കിലോ കഞ്ചാവ് പിടികൂടിയത്. അറസ്റ്റ് ചെയ്ത അഭിരാജിനേയും ആദിത്യനേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ആകാശിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ട് പൂര്‍വവിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു.

Content Highlights: Accused says 4 kilo cannabis give to Kalamassery Poly Technic

dot image
To advertise here,contact us
dot image