കെഎസ്ആർടിസിയുടെ പാലക്കാട് ഡിപ്പോയിൽ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നില്ല; ഡീസൽ അടിക്കുന്ന വകയിൽ കോടികളുടെ നഷ്ടം

നിലവിൽ കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഭൂരിഭാഗം ബസുകളിലും ഡീസൽ നിറയക്കുന്നത് സ്വകാര്യ പമ്പിൽ നിന്ന്

dot image

പാലക്കാട്: കെഎസ്ആ‍ർടിസി ഡിപ്പോയിൽ പെട്രോൾ പമ്പ് പ്രവർത്തിക്കാത്തതിനാൽ കോർപ്പറേഷന് കോടികളുടെ നഷ്ടം. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഡിപ്പോയിലെ പെട്രോൾ പമ്പ് രണ്ടര വർഷമായിട്ടും പുനർനിർമ്മിച്ചിട്ടില്ല. നിലവിൽ കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഭൂരിഭാഗം ബസുകളിലും ഡീസൽ നിറയ്ക്കുന്നത് സ്വകാര്യ പമ്പിൽ നിന്നാണ്. ഇതുവഴി കെഎസ്ആർടിസിയ്ക്ക് വലിയ നിലയിലുള്ള നഷ്ടം സംഭവിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.

കെഎസ്ആർടിസിയുടെ സ്വന്തം പമ്പിൽ നിന്നും ഡീസൽ അടിക്കുമ്പോൾ വിപണി വിലയിൽ നിന്നും ലിറ്ററിന് നാല് രൂപ കുറച്ചാണ് ലഭിക്കുന്നത്. എന്നാൽ സ്വകാര്യ പമ്പിൽ നിന്നും ഡീസൽ അടിക്കുമ്പോൾ പാലക്കാട് ഡിപ്പോയിലെ ബസുകൾക്ക് വിപണി വിലയിൽ നിന്നും ഒരു രൂപമാത്രമാണ് ഇളവ് ലഭിക്കുന്നത്. ഇത് പ്രകാരം ഒരു ലിറ്റർ ഡീസൽ അടിക്കുമ്പോൾ കെഎസ്ആർടിസിക്ക് നഷ്ടം മൂന്ന് രൂപയോളമാണ്. ഇത് പ്രകാരം പ്രതിദിനം 10,000 രൂപ മുതൽ 14,000 രൂപ വരെയാണ് നഷ്ടം.

തിരുവനന്തപുരത്തേക്ക് ഉൾപ്പെടെ സർവീസ് നടത്തുന്ന 'മിന്നൽ' ബസ്സുകളും സ്വകാര്യ പമ്പിൽ നിന്ന് തന്നെ ഇന്ധനം നിറയ്ക്കണമെന്നാണ് ജീവനക്കാർക്കുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശം. തിരുവനന്തപുരത്ത് നിന്ന് കുറഞ്ഞ നിരക്കിൽ ഡീസൽ നിറക്കേണ്ടെന്നാണ് ഉദ്യോ​ഗസ്ഥരുടെ പിടിവാശി.

ഉയർന്ന നിരക്കിൽ സ്വകാര്യ പമ്പിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഇന്ധനം നിറച്ചതിൻ്റെ ബില്ലുകളും ദൃശ്യങ്ങളും റിപ്പോർട്ടറിന് ലഭിച്ചു. എട്ട് കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ പമ്പ് പുനർനിർമ്മിക്കാൻ സ്ഥലമില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര വാദം. സ്വകാര്യ പെട്രോൾ പമ്പ് ഉടമകൾക്ക് വേണ്ടി ഡിപ്പോയിലെ പമ്പിന്റെ നിർമ്മാണം ഉദ്യോഗസ്ഥർ മനപ്പൂർവ്വം വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം.

Content Highlights: Petrol pump not working at KSRTC's Palakkad depot

dot image
To advertise here,contact us
dot image