അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം ഇന്ന് മുതല്‍; പങ്കെടുക്കുന്നവര്‍ക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്

ഈ മാസം 15-ാം തീയതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്

dot image

തിരുവനന്തപുരം: വേതന വര്‍ധനവ് അടക്കം ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇന്ന് രാപകല്‍ സമരം ആരംഭിക്കാനിരിക്കെ, സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടതില്ലെന്ന ഉത്തരവുമായി വനിത ശിശു വികസന ഡയറക്ടര്‍. ഈ മാസം 15-ാം തീയതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ജീവനക്കാര്‍ സമരത്തില്‍ ഏര്‍പ്പെട്ടാലും കുട്ടികള്‍ക്ക് 'ഫീഡിംഗ് ഇന്റെറപ്ഷന്‍' ഉണ്ടാവാതിരിക്കാന്‍ അങ്കണവാടികള്‍ അടച്ചിടരുതെന്നും ഉത്തരവിലുണ്ട്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 45 ന്റെ ലംഘനമാണെന്നും ആയതിനാല്‍ പ്രീ സ്‌കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്യുകയാണെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം ഇരിക്കുമെന്നാണ് അങ്കണവാടി ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനങ്ങളില്ലാതെ പിരിയുകയായിരുന്നു.

മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 1,200 ല്‍ നിന്ന് 5000 രൂപയാക്കുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.

Content Highlights: anganwadi employees strikes starts today

dot image
To advertise here,contact us
dot image