
ഇടുക്കി: വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ കടുവയെ വെടിവെച്ചത് സ്വയരക്ഷയുടെ ഭാഗമായെന്ന് ഡിഎഫ്ഒ എൻ രാജേഷ്. ആദ്യം മയക്കുവെടിവെച്ച് കാത്തിരുന്നിട്ടും കടുവ അനങ്ങാതെ വന്നു, പിന്നാലെയാണ് രണ്ടാമത് വെടി വെക്കാൻ തീരുമാനം എടുത്തത്. രണ്ടാമത്തെ വെടി കൊണ്ടയുടൻ കടുവ ഡോക്ടറുടെ നേരെ ചാടി വരികയായിരുന്നവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് മനു എന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ കൈയിലുണ്ടായിരുന്ന ഷീൽഡ് ഉപയോഗിച്ച് പ്രതിരോധിച്ചതെന്നും അദ്ദേഹം അറിയിച്ചു.
'മനുവിൻ്റെ കൈയിലിരുന്ന ഷീൽഡ് കടുവ വലിച്ച് കീറുകയും പിന്നാലെ ഹെൽമെറ്റിന് അടിക്കുകയുമായിരുന്നു. ഹെൽമെറ്റ് താഴെ വീണയുടൻ മനുവിൻ്റെ തലയ്ക്കടിക്കാൻ തുടങ്ങവെയാണ് കടുവയെ വെടിവെക്കേണ്ടി വരുന്നത്. മനുഷ്യ ജീവനാണ് എല്ലാ ജീവൻ്റെയും മുകളിൽ വിലയുള്ളത്',ഡിഎഫ്ഒ കൂട്ടി ചേർത്തു.
ഡോ.അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കടുവയെ മയക്കുവെടി വെച്ചത്. പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളർത്തു നായയെയും കടിച്ചുകൊന്നിരുന്നു. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. എന്നാൽ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാത്തതിനാൽ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിന് നേരെ ചാടിയതോടെ
കടുവയ്ക്ക് നേരെ മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് കടുവ ചത്തത്.
വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പിൽ അറിയിച്ചിരുന്നു.
ഒരു വർഷത്തോളമായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയർന്നു. പരുന്തുംപാറ, വെടികുഴി തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഒരാഴ്ച മുൻപ് വള്ളക്കടവിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു.
Content Highlights- DFO N Rajesh said that the shooting of the tiger in Grampi, Vandiperiyar, was a part of self-defense.