
തിരുവനന്തപുരം: പകുതി വില തട്ടിപ്പിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. ഈ വിഷയവുമായി ബന്ധപ്പെട്ട് 1343 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ 665 എണ്ണം ക്രൈംബ്രാഞ്ചിന് കൈമാറി എന്ന് അദ്ദേഹം സഭയെ അറിയിച്ചു. നിലവിൽ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും, അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആണ് നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
സീഡ്, എൻജിഒ കോൺഫഡറേഷൻ എന്നീ സംഘടനകളിലൂടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. നടന്നത് മുഴുവൻ കോർഡിനേറ്റർമാരെ നിയമിച്ചുള്ള തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. എല്ലാ ജില്ലകളിലും തട്ടിപ്പിനിരയായവരുണ്ട്. അത്കൊണ്ട് സർക്കാർ നിലകൊള്ളുന്നത് പണം നഷ്ടമായവർക്കൊപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഇത്തരത്തിൽ മലയാളികൾ കൂടുതൽ കബളിപ്പിക്കപ്പെടുന്നതിനെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അതേസമയം, തട്ടിപ്പ് സംഘങ്ങൾ നൽകുന്ന മോഹനവാഗ്ദാനങ്ങൾ കേട്ട് ചിലർ അതിന് പിന്നാലെ പോകുകയാണെന്നും ഇത് തട്ടിപ്പിന് ഒരു തരത്തിൽ പ്രോത്സാഹനം നൽകുന്നതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
കേരളത്തിലേക്കുള്ള ലഹരിയുടെ വരവ് പൊലീസും എക്സൈസും ചേർന്ന് തടയുന്നുണ്ട്. അതിന് വേണ്ടി
വിവിധ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും, ലഹരി വിഷയം അതീവ ഗൗരവമായി കാണണമെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights : Half price scam; CM tells Assembly that investigation is going well