
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറഞ്ഞത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് വിധി.
മുനമ്പത്ത് കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുനമ്പത്തേത് വഖഫ് വസ്തു വകയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ല. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതിയുക്തമല്ല. കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായി തീരുമാനമെടുത്തു. മനസിരുത്തിയല്ല സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കോടതി പറഞ്ഞു.
കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്ത സാഹചര്യത്തില്‍ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണ നടപടികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്നായിരുന്നു ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതിയുടെ ചോദ്യം.
വഖഫ് ഭൂമിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക മറുപടി. രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മിഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Content Highlights: High Court cancels appointment of Munambam Judicial Commission