
ഇടുക്കി: ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നിരുന്നു. പിന്‍കാലില്‍ പരിക്കേറ്റ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ജനവാസ മേഖലയിലെത്തി വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്നത്.
ലയത്തിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. എന്നാല്‍ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തെയും എത്തിച്ചിരുന്നു.
പിടികൂടിയ കടുവയെ തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പകല്‍ മുഴുവന്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ശ്രമം വിഫലമായിരുന്നു.
Content Highlights: Idukki Tiger was drugged