
തിരുവനന്തപുരം: ഗാന ഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി ശിവഗിരി മഠം. ആചാര പരിഷ്‌കരണം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ അടുത്ത മാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിന് വേണ്ടി സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
'യേശുദാസ് ഗുരുവായൂരപ്പന്റെ ഭക്തനാണ്. ജാതിമത വ്യത്യാസമോ മറ്റു ഭേദ ചിന്തകളോ ഇല്ലാത്ത, മതാതീത ആത്മീയതയും നവോത്ഥാന നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന യേശുദാസിന് വേണ്ടി സംസ്ഥാസര്‍ക്കാരും അനുകൂല നിലപാട് സ്വീകരിക്കണം', സച്ചിദാനന്ദ പറഞ്ഞു.
ലോക സംഗീതത്തിലെ അപൂര്‍വ്വ പ്രതിഭയായ 85 കാരനായ യേശുദാസിന് ഗുരുവായൂരില്‍ ഇനിയും പ്രവേശനം നല്‍കാതിരുന്നാല്‍ അത് കലാകാരനോടും കാലത്തോടും ചെയ്യുന്ന അനീതിയാകുമെന്നും ധര്‍മ സംഘം ട്രസ്റ്റ് വിലയിരുത്തി.
അതേസമയം ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിലെ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തില്‍ കയറാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് യേശുദാസ് 2018 ല്‍ പ്രതികരിച്ചത്. 'ഗുരുവായൂര്‍ പ്രവേശനത്തിന് തനിക്ക് പ്രത്യേക പരിഗണന വേണ്ട. ക്ഷേത്രം ഭരണാധികാരികളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. തനിക്ക് മാത്രമാണ് പ്രവേശനം അനുവദിക്കണമെന്നില്ല. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്ന എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കുന്ന കാലത്തേ താന്‍ പോകൂ, അവര്‍ക്കിടയിലെ അവസാനക്കാരനായിട്ടായിരിക്കും പ്രവേശനം', എന്നായിരുന്നു യേശുദാസ് പറഞ്ഞു.
Content Highlights: Sivagiri Mutt seeks entry of KJ Yesudas into Guruvayur temple