
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിഡി സതീശൻ. ന്യായമായ സമരമാണ് ഇപ്പോൾ നടക്കുന്നതെന്നും സ്ത്രീ ശക്തി ബോധ്യപ്പെടുത്തി കൊടുക്കണമെന്നും വിഡി സതീശൻ പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ പരാതി ഗൗരവം ഉള്ളതാണ്. അത് ഉടൻ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. ജീവനക്കാർ നടത്തുന്ന ഈ സമരത്തിന് തങ്ങൾ കൂടെ തന്നെ കാണുമെന്നും, എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അങ്കണവാടി ജീവനക്കാർക്ക് മുഴുവൻ സമയ ജോലിയാണ്. ഓരോ മാസം കഴിയുന്തോറം അവർക്ക് ജോലി ഭാരം കൂടുന്നുണ്ട്. എന്നാൽ ശമ്പളം മാത്രം കൂടുന്നില്ല. മുമ്പ് കിട്ടിയ അതേ ശമ്പളം തന്നെയാണ് കിട്ടുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഈ വിഷയം സഭയിൽ ഒന്ന് കൂടി അവതരിപ്പിക്കണമെന്നും അധ്വാനിക്കുന്നവർക്ക് കൂലി കിട്ടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അങ്കണവാടി ജീവനക്കാരുമായി പ്രശ്നപരിഹാരത്തിനായി മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനങ്ങളില്ലാതെ പിരിയുകയായിരുന്നു. മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവബത്ത 1,200ല്‍ നിന്ന് 5000 രൂപയാക്കുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.
Content Highlights : Women's power must be demonstrated; VD Satheesan expresses solidarity with Anganwadi movement