
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാജ്യസഭയില്‍ ധനമന്ത്രി നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍- തൊഴിലാളി സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കേരളത്തെ അപമാനിക്കാനാണ് ധനമന്ത്രിയുടെ ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ച് കേരളത്തെ അപമാനിക്കുന്നു. കേരളത്തില്‍ നോക്കുകൂലി നിരോധിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മികച്ച തൊഴില്‍ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. തൊഴില്‍ മേഖലയില്‍ രാജ്യത്തിന് വഴികാട്ടിയാണ് കേരളം', മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് നിര്‍മ്മല സീതാരാമന്‍ എന്നും ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ നോക്കുകൂലിക്ക് പിന്നില്‍ സിപിഐഎമ്മാണെന്ന് നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ വരെ നോക്കുകൂലി ചുമത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഈ കമ്മ്യൂണിസമാണ് കേരളത്തിലുള്ളതെന്നും കമ്മ്യൂണിസമാണ് കേരളത്തിലെ വ്യവസായം തകര്‍ത്തതെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെയാണ് മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തിയത്.
Content Highlights: Sivankutty against Nirmala Sitharaman