
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി നിയമിച്ച ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാനാണ് വിശദീകരണം തേടുക. ബാലു നല്‍കിയ മെഡിക്കല്‍ ലീവ് അംഗീകരിക്കാനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
കഴക ജോലികള്‍ക്കായുള്ള നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു കത്ത് നല്‍കിയത്. തസ്തിക മാറ്റി നല്‍കണം എന്നായിരുന്നു ബാലുവിന്റെ ആവശ്യം. കത്ത് ലഭിച്ച കാര്യം സ്ഥിരീകരിച്ച കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി, വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ രംഗത്തെത്തി. കഴകത്തില്‍ ജോലിക്ക് നിയമിച്ച ഒരാള്‍ക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം എന്നായിരുന്നു മുന്‍ ദേവസ്വം മന്ത്രിയും ലോക്‌സഭാ അംഗവുമായ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. വിഷയം സാംസ്‌കാരിക കേരളത്തിന് അപമാനമെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്. ഇനി കഴകം തസ്തികയിലേക്ക് ഇല്ലെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടെന്നും ബാലുവും പറഞ്ഞിരുന്നു.
Content Highlights- Will ask explanation over letter of balu says devaswom department koodal manikyam temple