
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കൈകൂലി വാങ്ങിയ സംഘത്തിലെ നാല് അംഗങ്ങള്‍ പിടിയില്‍. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പന്‍, ഇപ്പോഴത്തെ പിടിഎ പ്രസിഡന്റ് പ്രസാദ്, രാകേഷ്, അലേഷ് എന്നിവരാണ് പിടിയിലായത്. ഈ മാസം 31ന് വിരമിക്കുന്ന പ്രധാന അധ്യാപകനോട് ആണ് സംഘം കൈക്കൂലി വാങ്ങിയത്.
വിദ്യാഭ്യാസ വകുപ്പിന് കൊടുത്ത പരാതികള്‍ പിന്‍വലിക്കാനായി 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കുമെന്ന് സംഘം അധ്യാപകനെ ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ആവശ്യപ്പെട്ട 15 ലക്ഷത്തില്‍ നിന്നും ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു. വെഞ്ഞാറമൂട് ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് സംഘം ഇവരെ പിടികൂടിയത്.
Content Highlights: bribe in the name of education department officials gang of four arrested