വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ; കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം, @9 വർഷം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൊതിച്ചോര്‍ വിതരണം മാതൃകയാക്കിയാണ് കൊല്ലത്തും ആരംഭിച്ചതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍ പ്രതികരിച്ചു

dot image

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം ആരംഭിച്ചിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയായി. 2017 മാര്‍ച്ച് 15 ന് ആരംഭിച്ച പൊതിച്ചോര്‍ വിതരണം ഒരു ദിവസം പോലും മുടങ്ങാതെ നല്‍കി വരികയാണ്. ഒരു നേരെ 1,000 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇതുപോലെ പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കടയ്ക്കല്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും ദിവസവും പൊതിച്ചോര്‍ ഡിവൈഎഫ്‌ഐ നല്‍കിവരികയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം മാതൃകയാക്കിയാണ് കൊല്ലത്തും ആരംഭിച്ചതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍ പറഞ്ഞു. 50 ലക്ഷത്തിലധികം പൊതിച്ചോര്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും ശ്യാംമോഹന്‍ ചൂണ്ടിക്കാണിച്ചു. ശ്രമകരമായ പ്രവര്‍ത്തനമായിട്ടും മുന്നോട്ട് കൊണ്ടുപോകുന്നുവെന്നത് അഭിമാനമാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

നേരത്തെ കൊല്ലം ജില്ലയിലെ ആശുപത്രികളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയ വോട്ടറോട് ചിന്ത ജെറോം നടത്തിയ പൊതിച്ചോര്‍ പരാമര്‍ശത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച കുരുക്ഷേത്രം പരിപാടിയിലായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം.

കൊല്ലം ജില്ലാ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി വൈകിട്ട് ആറ് മണിക്ക് ശേഷം ഒരാള്‍ പോയാല്‍ നേരെ മെഡിക്കല്‍ കോളേജിലേക്കാണ് എഴുതുന്നത്. അവിടെ പാരസെറ്റമോള്‍ ഡൈക്ലോഫെനകിന്റെ ഇഞ്ചക്ഷനോ പോയിട്ട് ഐ വി സെറ്റ് പോലും ഇല്ലാത്ത അവസ്ഥയാണെന്നായിരുന്നു വോട്ടര്‍ ചൂണ്ടികാട്ടിയത്. എന്നാല്‍, കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊതിച്ചോറ് കൊടുക്കുന്നവരാണ് ഡിവൈഎഫ്‌ഐക്കാര്‍, മൈക്ക് കൈയ്യില്‍ കിട്ടിയല്‍ വെളിവില്ലാത്ത കാര്യം പറയരുത്.' എന്നായിരുന്നു ചിന്തയുടെ മറുപടി.

Content Highlights: dyfi pothichore distribution to kollam district hospital completes 8 years

dot image
To advertise here,contact us
dot image