
തിരുവനന്തപുരം: ആചാരത്തിന്റെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. പാപ്പാന്മാരുടെ പരിചയക്കുറവാണ് ആന വിരണ്ടോടാൻ കാരണം. പലയിടത്തും ആനകൾ പേടിച്ചോടുന്നതാണ്, വിരണ്ടോടുന്നതല്ല. പല പാപ്പാന്മാരും മദ്യപിച്ചും ലഹരി ഉപയോഗിച്ചുമാണ് എത്തുന്നത്അത് കൊണ്ട് തന്നെ പൂരപ്പറമ്പിലും മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രെത് അനലൈസർ ഉപയോഗിച്ച് ഊതിക്കണം. മദ്യപിച്ചു വരുന്ന പാപ്പാനെയും കൂടെയുള്ള ആനയെയും ക്ഷേത്രങ്ങളിൽ കയറ്റരുതെന്നും ഇതിനായി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. പാപ്പാന്മാർക്ക് മദ്യം വാങ്ങി നൽകുന്ന ആനപ്രേമികൾക്കെതിരെയും നടപടി വേണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
അതേ സമയം സംസ്ഥാനത്തെ നാട്ടാനകളുടെ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി. തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഇത് എങ്ങനെ നാട്ടാന പരിപാലനത്തിലേക്ക് എത്തിയെന്നും സുപ്രീം കോടതി ചോദിച്ചു.
ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളത്ത്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആനകൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
Content Highlights- 'Elephant procession can be held as part of the ritual'; Minister KB Ganesh Kumar