ഹൈക്കോടതിയിലെ സ്ഥിരം ഹര്‍ജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമിക്കസ് ക്യൂറി അന്വേഷണം

പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമ്പോള്‍ ഇത്തരം നടപടികള്‍ നേരിടാനും തയ്യാറായിരിക്കണമെന്ന് ഹൈക്കോടതി

dot image

കൊച്ചി: ഹൈക്കോടതിയിലെ സ്ഥിരം ഹര്‍ജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമിക്കസ് ക്യൂറി അന്വേഷണം. പായിച്ചിറ നവാസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പൊതുതാല്‍പര്യ ഹര്‍ജികളില്‍ സംശുദ്ധി അനിവാര്യമെന്ന് ഹൈക്കോടതി അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമ്പോള്‍ ഇത്തരം നടപടികള്‍ നേരിടാനും തയ്യാറായിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

പായിച്ചിറ നവാസിനെതിരായ രേഖകള്‍ അമിക്കസ് ക്യൂറിക്ക് കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ടിഎം തോമസ് ഐസക്കിനെ നോളജ് മിഷന്‍ ഉപദേശകനായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

പായിച്ചിറ നവാസിന്റെ ഹര്‍ജികളും വിവരാവകാശ അപേക്ഷകളും സംശയാസ്പദമെന്ന് പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ പരാതികള്‍ വഴി നവാസ് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുന്‍മന്ത്രി അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ് നവാസ്. കേസിലെ വിചാരണ ഇപ്പോഴും തുടരുന്നുവെന്നും പോക്‌സോ കേസിലടക്കം പായിച്ചിറ നവാസ് പ്രതിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവായി മുൻ മന്ത്രി ടി എം തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെ പൊതുതാത്‌പര്യ ഹർജി നൽകിയ വ്യക്തിയുടെ പശ്ചാത്തലം അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. പായിച്ചിറ നവാസിന്റെ സമ്പൂർണവിവരങ്ങൾ സമർപ്പിക്കാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഹർജിക്ക് പിന്നിൽ വ്യക്തി താൽപര്യങ്ങളോ സ്വകാര്യതാൽപര്യങ്ങളോ ഇല്ലെന്നുറപ്പാക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Amicus Curiae inquiry against Paichira Nawaz, a regular petitioner in the High Court

dot image
To advertise here,contact us
dot image