
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിഷയത്തില്‍ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ വിമര്‍ശിച്ച് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച ബ്രിട്ടാസിന്റെ പ്രസ്താവന ബിജെപി-സിപിഐഎം ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ റഷ്യ വിഷയത്തില്‍ തരൂരിന്റെ നിലപാട് മാറ്റത്തെയാണ് പിന്തുണച്ചതെന്ന് ബ്രിട്ടാസ് പ്രതികരിച്ചു. കെ സി വേണുഗോപാലും തരൂരും തന്റെ സുഹൃത്തുക്കളാണെന്നും ബ്രിട്ടാസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ചായിരുന്നു ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാര്‍ട്ടികള്‍ മുന്‍പ് പറഞ്ഞിരുന്നു. ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടതു പാര്‍ട്ടികളെയാണെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്.
പാശ്ചാത്യ സമ്മര്‍ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും ബ്രിട്ടാസ് പ്രതികരിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന റായ് സെയ്ന സംവാദത്തിലാണ് ശശി തരൂര്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.
Content Highlights: K C Venugopal criticize John Brittas for supporting Shashi Tharoor