
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചില്ല. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഇനിയും സമയം തേടുമെന്നും വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി നല്‍കിയ കത്ത് മന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ട. കുടിശ്ശിക നല്‍കണം എന്നതാണ് രണ്ടാമത്തെ ആവശ്യം. എയിംസ് അനുവദിക്കണമെന്ന കാര്യവും കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന ആവശ്യവും മന്ത്രി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്നലെയാണ് മന്ത്രി വീണാ ജോര്‍ജ് സമയം തേടിയത്. ആശ വര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു നടപടി. ഓഫീസ് വഴി കേന്ദ്രമന്ത്രിക്ക് വീണാ ജോര്‍ജ് കത്തയക്കുകയായിരുന്നു. ഡല്‍ഹിയില്‍ എത്തിയ മന്ത്രിക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു നല്‍കിയില്ല. ഇതോടെയാണ് മന്ത്രി നിവേദനം നല്‍കിയത്.
അതിനിടെ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി പ്രതിപഷ നേതാവ് വി ഡി സതീശന്‍, കെ കെ രമ എംഎല്‍എ, പി സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ എത്തി. സമരപന്തലില്‍ എത്തിയ നേതാക്കള്‍ ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയോട് വിഷയം തീര്‍ക്കാന് മുന്‍കൈ എടുക്കണം എന്ന് പറഞ്ഞിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. നിരന്തരമായി നടക്കുന്ന ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണം. ആശമാരുടെ ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Content Highlights- will try to meet central minister j p nadda says minister veena george