
കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പരാതി. ഫാർമസിസ്റ്റായ യുവതിയെ മെഡിക്കൽ ഓഫീസറായ ഡോക്ടർ ബെൽന മാർഗരറ്റ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് പരാതി. ഡോക്ടർ തന്നെ മാനസികമായി തളർത്തുന്നുവെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫാർമസിസ്റ്റും ഭർത്താവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. റിപ്പോർട്ടർ എക്‌സ്‌ക്ലൂസീവ്.
മറ്റുള്ളവരുടെ മുന്നിൽവെച്ച് ഡോക്ടർ ബെൽന ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ഫാർമസിസ്റ്റ് നൽകിയ പരാതിയിൽ പറയുന്നു. ഫ്ളഷ് ഇല്ലാത്ത ടോയ്ലറ്റ് ഡോക്ടർ ഉപയോഗിച്ച ശേഷം തന്നെക്കൊണ്ട് വൃത്തിയാക്കിച്ചതായും ഇവർ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമേ ഡോക്ടർക്ക് ഭക്ഷണം വാങ്ങാനും ആഹാരം കഴിച്ച ശേഷം പാത്രം കഴുകാനും ടേബിൾ തുടയ്ക്കാനുമെല്ലാം യുവതിയെ നിയോഗിച്ചതായും പരാതിയിൽ ഉണ്ട്.
ഒരേ ക്യാബിനിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ആരോപിച്ച് ഡോക്ടർ സീലിംഗ് വെച്ച് വേർതിരിച്ച് മറ്റൊരു ക്യാബിനിലേക്ക് മാറ്റിയതായും ഫാർമസിസ്റ്റ് ആരോപിക്കുന്നു. ജാതിപേര് വിളിച്ച് നിരന്തരം തന്നെ കളിയാക്കുമായിരുന്നു. പാടത്തുപോയി പണിയെടുക്കാൻ പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും ആരോപണമുണ്ട്.
താൻ അനുഭവിച്ച പീഡനങ്ങൾ ചൂണ്ടിക്കാട്ടി യുവതി ജയിൽ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. എന്നാൽ ഫാർമസിസ്റ്റിന് മാനസികരോഗമുണ്ടെന്നായിരുന്നു ഡോക്ടർ ബെൽന പറഞ്ഞത്. തന്നെ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
content highlights : 'Caste abuse'; Pharmacist severely tortured in jail