
മലപ്പുറം: ലഹരിക്കേസുകളില്‍ പ്രതികളാകുന്നത് കൂടുതല്‍ മുസ്‌ലിങ്ങളാണെന്ന എംഎല്‍എ ഡോ. കെ ടി ജലീലിന്റെ പ്രസ്താവന തള്ളി സിപിഐഎം മലപ്പുറം ജില്ലാ നേതൃത്വം. ജലീല്‍ പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്ന് ജില്ലാ സെക്രട്ടറി വി പി അനില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അത്തരം ഒരു നിരീക്ഷണം സിപിഐഎമ്മിനില്ലെന്നും ജലീലിന്റെ അനുഭവത്തില്‍ നിന്നാകാം അങ്ങനെ പറഞ്ഞതെന്നും വി പി അനില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണെങ്കില്‍ ജലീല്‍ തന്നെ നല്‍കുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. 'ജലീല്‍ സ്വതന്ത്ര എംഎല്‍എ ആണ്. ജലീല്‍ പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാകാം. ജലീല്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. വ്യത്യസ്ത അഭിപ്രായം ഉളളതുകൊണ്ടാണ് ഇവര്‍ സ്വതന്ത്രരായി നില്‍ക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഇതൊന്നും പറ്റില്ല', അനില്‍ കൂട്ടിച്ചേര്‍ത്തു.
ലഹരി ഉപയോഗത്തെക്കുറിച്ച് പാര്‍ട്ടി നേരത്തെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ അണിനിരക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ട്ടി സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
Content Highlights: CPIM Malappuram leadership ignore K T Jaleel s responds