മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ഭൂമി ഏറ്റെടുക്കലിനെതിരെ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റണ്‍ എസ്റ്റേറ്റും നല്‍കിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്

dot image

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റണ്‍ എസ്റ്റേറ്റും നല്‍കിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. 26 കോടി രൂപ നഷ്ടപരിഹാരം നല്‍കി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഈ നഷ്ടപരിഹാരത്തുക ചോദ്യം ചെയ്താണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ അപ്പീല്‍.

പുനരധിവാസത്തിനായി ഭൂമി വിട്ടുനല്‍കാനാവില്ലെന്നാണ് ഹാരിസണ്‍സ് മലയാളത്തിന്റെ നിലപാട്. ഏറ്റെടുക്കുന്ന ഭൂമിക്ക് മേല്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ടായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധി അംഗീകരിക്കാനാകില്ലെന്നാണ് ഹാരിസണ്‍സ് മലയാളം വ്യക്തമാക്കിയിരിക്കുന്നത്.

ഹാരിസണ്‍സ് മലയാളത്തിന്റെ കൈവശമുള്ള നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചത്. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി ദുരന്ത നിവാരണ നിയമം അനുസരിച്ച് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ 2024 ഒക്ടോബറിലെ ഉത്തരവ് റദ്ദാക്കണമെന്ന എല്‍സ്റ്റണ്‍, ഹാരിസണ്‍ മലയാളം എസ്റ്റേറ്റുകളുടെ ആവശ്യം തള്ളിയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നടപടി.

Content Highlights: The High Court will hear the appeals on land acquisition today

dot image
To advertise here,contact us
dot image