
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി വര്‍ക്കര്‍മാരെയും കൂടുതല്‍ പരിഗണിക്കേണ്ടതാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. അത് തങ്ങള്‍ ആവശ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരിനോടാണെന്ന് ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരുമായി തങ്ങള്‍ നിരന്തരം സമരത്തില്‍ ആണെന്നും ശൈലജ പറഞ്ഞു. നികുതി-പദ്ധതി വിഹിതങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ യുഡിഎഫിനെയും ശൈലജ വിമര്‍ശിച്ചു. 'യുഡിഎഫ് സര്‍ക്കാര്‍ ആശ വര്‍ക്കര്‍ സ്‌കീം എടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് പൈസ ഓണറേറിയം ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണറേറിയം മാക്‌സിമം വര്‍ധിപ്പിച്ചു. ബിജെപിയുടെ എംപിമാരും മന്ത്രിമാരും കേന്ദ്രത്തിലിരുന്ന് ആശമാരുടെ ആവശ്യങ്ങള്‍ക്കായി നില്‍ക്കണം', ശൈലജ പറഞ്ഞു.
എന്നാല്‍ സമരക്കാര്‍ക്ക് കേന്ദ്രത്തിനോട് എതിര്‍പ്പില്ലെന്നും സുസ്ഥിരമായ അവസ്ഥ ഉണ്ടാക്കിക്കൊടുത്തവര്‍ക്കെതിരെയാണ് ആശമാര്‍ സമരം ചെയ്യുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് അഞ്ച് രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും അവരോട് ഇവര്‍ക്ക് എതിര്‍പ്പുമില്ലെന്നും ശൈലജ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് അനുമതി നല്‍കാത്തതിനെയും കെ കെ ശൈലജ വിമര്‍ശിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിക്കായി കേന്ദ്രമന്ത്രി സമയം അനുവദിക്കേണ്ടതല്ലേ. ഒരു മിനിറ്റ് കേന്ദ്രമന്ത്രി സമയം കൊടുക്കേണ്ടതായിരുന്നു. പിന്നെങ്ങനെയാണ് സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയെന്നും കെ കെ ശൈലജ ചോദിച്ചു.
Content Highlights: K K Shailaja s responds about Asha Worker protest