'മാധ്യമങ്ങളിലെ വലതുപക്ഷവും ഇടതുവിരുദ്ധരും ചേർന്ന് നടത്തുന്ന സമരം'; ആശ സമരത്തിനെതിരെ വീണ്ടും എ വിജരാഘവൻ

ജമാഅത്തെ ഇസ്‌ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങി സിപിഐഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാല്‍ സമരമാവില്ലെന്ന് എ വിജയരാഘവന്‍

dot image

തിരുവനന്തപുരം: ആശ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്ന സമരമാണെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഇടതു വിരുദ്ധര്‍ നടത്തുന്ന സമരമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.

'സമര മേഖലയില്‍ കുറച്ച് ആശ വര്‍ക്കര്‍മാരെ കൊണ്ടിരുത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങി സിപിഐഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാല്‍ സമരമാവില്ല. 90 ശതമാനം ആശമാരും സമരത്തിലില്ല. പിന്നെ കുറച്ച് കമ്യൂണിസ്റ്റ് വിരുദ്ധന്‍മാരെ തപ്പിപ്പിടിച്ച് അവിടെയിരുത്താം', അദ്ദേഹം പറഞ്ഞു.

കേന്ദ്രം സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ കൃത്യമായ ഉറപ്പ് നല്‍കിയിട്ടില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. നേരത്തെയും ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.

സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളല്ലെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്.

ഫെബ്രുവരി പത്തിനായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21,000 ആയി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് പടിക്കല്‍ ആരംഭിച്ച സമരം നാല്‍പ്പതാം ദിവസത്തിലേയ്ക്ക് കടന്നു.

എന്‍എച്ച്ആര്‍ ഡയറക്ടറും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായുള്ള സമരം പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ആശ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്. ഇന്നലെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ കെ രമ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. ഇന്ന് കൂടുതല്‍ പേര്‍ സമരപന്തലില്‍ എത്തുമെന്നാണ് സൂചന.

Content Highlights: A Vijayaraghavan again criticize Asha workers protest

dot image
To advertise here,contact us
dot image