
കൊച്ചി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ഫണ്ട് നൽകുന്നതിലെ നിബന്ധനകളിൽ വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യഥാസമയം സത്യവാങ്മൂലം തൽകാത്തതിന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് ക്ഷുഭിതരായി ഡിവിഷൻ ബെഞ്ച്. കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും സമയ പരിധിയിൽ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തോട് ഹൈക്കോടതി. ഡൽഹിയിലുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ മുകളിലാണ് എന്നാണോ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു. നിബന്ധനകളിൽ വ്യക്തത വരുത്തി തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ചില ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്നും ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
പുനരധിവാസ പദ്ധതി പൂർത്തിയാക്കാനുള്ള സമയ പരിധി മാർച്ച് 31ൽ നിന്ന് ഡിസംബർ 31ലേക്ക് മാറ്റി തീരുമാനമെടുത്തുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ദുരന്ത ബാധിത മേഖലയിലെ അവശിഷ്ടങ്ങൾ മഴക്കാലത്തിന് മുൻപ് നീക്കം ചെയ്യാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. അവശിഷ്ടങ്ങൾ വേർതിരിച്ച് നീക്കം ചെയ്യാൻ 18 മാസം വേണ്ടി വരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മറുപടി നൽകി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Content highlights: Mundakai-Chooralmala rehabilitation High Court criticized Central Government