'ക്രൂരമായ ലൈം​ഗിക വൈകൃതത്തിനിരയാക്കി,യാസിറിനൊപ്പം പോകില്ലെന്ന് പൊട്ടിക്കരഞ്ഞ് ഷിബില പറഞ്ഞു';വെളിപ്പെടുത്തൽ

യാസിര്‍ ഭാര്യ ഷിബിലയെ നോമ്പുതുറക്കുന്ന സമയത്തായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്

dot image

കോഴിക്കോട് : താമരശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ടെന്ന് ഷിബില പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങിയത്. മയക്കുമരുന്ന് ഉപയോ​ഗിച്ച ശേഷം യാസി‍ർ ഷിബിലയെ ക്രൂര ലൈം​ഗിക വൈകൃതത്തിനിരയാക്കിയിരുന്നു എന്നും സലീന പറയുന്നു. ശാരീരിക മർദ്ദനത്തിലുപരി ഇതാണ് വിവാഹമോചന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും സലീന വെളിപ്പെടുത്തി.

ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസിൽ പരാതി നൽകിയ ശേഷം ഷിബിലയേയും, യാസിറിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. യാസിറിന് ഒപ്പം പോകില്ല എന്ന നിലപാടിൽ ഷിബിലയും, കൂടെ പോരണമെന്ന് യാസിറും നിലപാട് എടുത്തതോടെ ഒന്നിച്ചു വിടാനുള്ള സാധ്യത കുറഞ്ഞെന്നും തുടർന്ന് ഒരു മാസം ഷിബില സ്വന്തം വീട്ടിൽ നിൽക്കട്ടെയെന്നും അതു കഴിഞ്ഞ് തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചാണ് പൊലീസ് സ്റ്റേഷനിൽ നിന്നും തിരികെ പോയത്. പിന്നീടാണ് അരും കൊലയെ പറ്റി താനറിഞ്ഞതെന്നും സലീന പറയുന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ലീഗൽ എയ്ഡ് ക്ലിനിക് വാേളണ്ടിയറാണ് സലീന ഹുസൈൻ.

മാർച്ച് 18നാണ് താമരശ്ശേരി ഈങ്ങാപ്പുഴയില്‍ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നാണ് വിവരം. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് യാസിര്‍ പൊലീസിനോട് പറഞ്ഞത്. ഷിബിലയെ യാസര്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു.

സ്നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. വീട്ടുകാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരി മകളുമായി സ്വന്തം വീട്ടിലായിരുന്നു ഷിബില താമസിച്ചിരുന്നത്.

Content highlights : Shibila burst into tears and said she would not go with Yasir; revelation

dot image
To advertise here,contact us
dot image