
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഷഹബാസിന്റെ നിർമാണത്തിലിരിക്കുന്ന വീട് എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയായ ‘മജോസ’യുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും. പൂർവവിദ്യാർഥികൾ, സ്കൂൾ അധ്യാപകർ, മാനേജ്മെന്റ്, പിടിഎ എന്നിവരുമായി സഹകരിച്ചാണ് ഭവനപദ്ധതി പൂർത്തീകരിക്കുക.
തുടങ്ങിവെച്ച വീടുനിർമാണം പൂർത്തീകരിക്കുക എന്നത് ഷഹബാസിന്റെ വലിയ ആഗ്രഹമായിരുന്നു. ഷഹബാസിന്റെ ആഗ്രഹസാക്ഷാത്കാരം സ്കൂളിലൂടെ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഷഹബാസിന്റെ കുടുംബവുമായി ചർച്ചചെയ്തശേഷം ‘മജോസ’ പ്രസിഡൻറ് എം എ ഗഫൂറിന്റെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന സംയുക്തയോഗത്തിലാണ് തീരുമാനമായത്.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ ഫെബ്രുവരി 23ന് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു.
ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെ ഷഹബാസ് മരണപ്പെട്ടു. പിന്നീട് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
content highlights : Shahbaz's last wish comes true; a house is being prepared for the family