
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. കേസിലെ പത്താം പ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൂടിയായ ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ്, എന്‍ വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശ്ശേരി വീട്ടില്‍ കെ വി പത്മനാഭന്‍, മനോമ്പത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി പി രവീന്ദ്രനും സംഭവ ശേഷം മരിച്ചിരുന്നു.
2005 ഒക്ടോബര്‍ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇതിന് ആറ് മാസം മുന്‍പും സൂരജിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതിന് ശേഷം സൂരജ് ആറ് മാസം കിടപ്പിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴായിരുന്നു സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. തുടക്കത്തില്‍ പത്ത് പേര്‍ക്കെതിരെയായിരുന്നു കേസ്. ടടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേര്‍ക്കുകയായിരുന്നു.
Content Highlights- Thalassery court verdict on Kannur sooraj murder case