'മണ്ഡല പുനർനിർണയം ഡമോക്ലസിൻ്റെ വാള് പോലെ തലയിൽ തൂങ്ങിക്കിടക്കുന്നു ബിജെപിക്ക് അനുയോജ്യമാകുന്ന നീക്കം'; പിണറായി

ഭരണഘടനാപരമായി ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറച്ചും കേന്ദ്രം തങ്ങളെ ശിക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി

dot image

ചെന്നൈ: ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ഡമോക്ലസിൻ്റെ വാള് പോലെ തലയില്‍ തൂങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല പുനനിര്‍ണയം ബിജെപിക്ക് അനുയോജ്യമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചു ചേർത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ യാതൊരു കൂടിയാലോചനയും കൂടാതെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയിലേക്ക് നീങ്ങുകയാണെന്നന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഏതെങ്കിലും ഭരണഘടനാ തത്വത്തിന്റെയോ ജനാധിപത്യപരമായ ഏതെങ്കിലും അനിവാര്യതയുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ഇടുങ്ങിയ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പെട്ടെന്നുള്ള നീക്കം. സെന്‍സസിന് ശേഷം മണ്ഡലപുനര്‍നിര്‍ണയ പ്രക്രിയ നടപ്പിലാക്കുകയാണെങ്കില്‍ വടക്കന്‍ സംസ്ഥാനങ്ങളുടെ സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. അതേസമയം പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഗണ്യമായ കുറവുമുണ്ടാകും. വടക്കന്‍ മേഖലയില്‍ കൂടുതല്‍ സ്വാധീനമുള്ളതിനാല്‍ ഇത് ബിജെപിക്ക് അനുയോജ്യമാകും', മുഖ്യമന്ത്രി പറഞ്ഞു.

1976ലെ ദേശീയ ജനസംഖ്യാ നയം ആത്മാര്‍ത്ഥമായി നടപ്പിലാക്കിയതിന് നമ്മുടെ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സംസ്ഥാനം ദേശീയ നയത്തെ നടപ്പിലാക്കുകയാണെങ്കില്‍ അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ പരിഗണന നിഷേധിക്കപ്പെടുക മാത്രമല്ല, രാഷ്ട്രത്തോടുള്ള കടമ നിറവേറ്റിയതിന് ശിക്ഷിക്കപ്പെടുകയാണെന്നും ഇതാണ് നിലവിലെ പ്രശ്‌നത്തിന്റെ കാതലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'1976-ലെ ദേശീയ ജനസംഖ്യാ നയം രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശങ്ങള്‍ക്ക് മാത്രമായി ഉദ്ദേശിച്ചുള്ളതല്ല. മുഴുവന്‍ രാജ്യത്തിനുമുള്ള നയമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പല സംസ്ഥാനങ്ങളും ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. മറുവശത്ത്, നമ്മുടെ സംസ്ഥാനങ്ങള്‍ അത് പ്രശംസനീയമായി നടപ്പിലാക്കിയിട്ടുമുണ്ട്. എന്നാല്‍ 'ഇപ്പോള്‍ നിങ്ങള്‍ക്ക് ജനസംഖ്യ കുറവാണ്, അതിനാല്‍ നിങ്ങള്‍ കുറഞ്ഞ ഫണ്ടും കുറഞ്ഞ പ്രാതിനിധ്യവും അര്‍ഹിക്കുന്നു' എന്ന സമീപനമാണ് കാണുന്നത്', അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായി ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറച്ചും കേന്ദ്രം തങ്ങളെ ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.875% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോള്‍ 15-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 1.925% ആയി കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ന്യായമായ ഫണ്ടിന്റെ വിഹിതവും അത് ആവശ്യപ്പെടാനുള്ള നമ്മുടെ രാഷ്ട്രീയ ശബ്ദവും ഒരേസമയം കുറയുന്ന ഒരു അഭൂതപൂര്‍വമായ സാഹചര്യത്തെ നാം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

'ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ പ്രതിഷേധത്തില്‍ ഒന്നിക്കുന്നത്. ധനനയങ്ങള്‍, ഭാഷാ നയങ്ങള്‍, സാംസ്‌കാരിക നയങ്ങള്‍, പ്രാതിനിധ്യ നിര്‍ണ്ണയം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യ ചട്ടക്കൂടിനെയും അസ്ഥിരപ്പെടുത്തുന്നു. ഇത് അനുവദിക്കാനാവില്ല. ബഹുസ്വരതയിലാണ് ഇന്ത്യയുടെ ശക്തി', മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: CM Pinarayi Vijayan about Delimitation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us