ജി സുധാകരനെതിരായ സൈബർ ആക്രമണം: ജില്ലാ സെക്രട്ടറി പ്രതികരിക്കട്ടെയെന്ന് സജി ചെറിയാൻ; എന്തിനെന്ന് ആർ നാസർ

കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍

dot image

ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കേണ്ടത് ജില്ലാ സെക്രട്ടറി ആണെന്ന് മന്ത്രി സജി ചെറിയാന്‍. പ്രതികരിക്കേണ്ടത് താനല്ലെന്നും സജി ചെറിയാൻ പറഞ്ഞു. തനിക്ക് ഇപ്പോള്‍ ജില്ലയുടെ ചാര്‍ജില്ല. ചുമതലക്കാരനായ ജില്ലാ സെക്രട്ടറിയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി എന്തിന് പ്രതികരിക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍ നാസറിൻ്റെ ചോദ്യം. കെപിസിസിയുടെ വേദി പങ്കിട്ടതില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ ആക്രമണം നടത്തിയെന്നും അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്നും നാസര്‍ ചോദിച്ചു. സൈബര്‍ ആക്രമണം നടത്തിയത് പാര്‍ട്ടിക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കുമല്ലോ. മറ്റ് പര്‍ട്ടികളുടെ സെമിനാറുകളില്‍ സാധാരണ പങ്കെടുക്കാറുണ്ട്. ബിജെപി, ജമാഅത്തെ ഇസ്‌ലാമി സംഘടനകളുടെ സെമിനാറുകളില്‍ ആണ് പങ്കെടുക്കാത്തത്. പാലം സന്ദര്‍ശനവും തെറ്റല്ല, അദ്ദേഹം മുന്‍കൈയെടുത്ത് കൊണ്ടുവന്ന പാലങ്ങളാണ് സന്ദര്‍ശിച്ചത്', ആര്‍ നാസര്‍ പറഞ്ഞു.

കെപിസിസിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സൈബറിടത്തിൽ സുധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണെന്നും സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസില്‍ അകാല ചരമം പ്രാപിക്കുമെന്നുമടക്കമുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്നും അതിനാല്‍ ആരും തന്നെ സംരക്ഷിക്കേണ്ടതില്ലെന്നുമായിരുന്നു ജി സുധാകരന്റെ പ്രതികരണം. പോസ്റ്റുകളൊന്നും കണ്ടിട്ടില്ല. പാര്‍ട്ടിയല്ല ഇതൊന്നും ചെയ്യുന്നതെന്നും സുധാകരന്‍ അന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പിന്തുണ നശിപ്പിക്കുന്നവരാണ് ഇവരെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Content Highlights: CPIM Alappuzha leader R Nasar says Party does not respond on Cyber attack against G Sudhakaran

dot image
To advertise here,contact us
dot image