
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇന്നും ലഹരി വേട്ട. ലഹരി സംഘത്തിലെ പ്രധാന കണ്ണിയായ കണ്ണൂർ സ്വദേശി അഷ്കറിനെ ബംഗ്ലൂരിൽ നിന്ന് പൊലീസ് പിടികൂടി. പ്രതി നിലവിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ്. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശി അജിനിൽ നിന്ന് 71 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ഇയാൾക്ക് ലഹരി വസ്തു കൈമാറിയത് അഷ്കറാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
അതിനിടെ തിരുവനന്തപുരത്ത് എംഡിഎംഎ വിൽപ്പനയ്ക്കിടെ 23കാരൻ പിടിയിലായി. മലയിൻകീഴ്, അണപ്പാട് സ്വദേശിയായ അർജുനിൽ നിന്നും 44.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് വില്പനക്കിടെ പ്രതിയെ പിടികൂടിയത്. 21 കേസുകളിൽ പ്രതിയാണ് പിടിയിലായ അർജുൻ.
കോഴിക്കോട് വടകരയിലും കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പിടിയിലായി. വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന 8.280 കിലോ കഞ്ചാവുമായിട്ടാണ് രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിലായത്. ഒറീസയിലെ ബഹ്‌റാംപൂരിലെ അജിത്ത് നായക്, ലക്ഷ്മൺ നായക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർ പി. എഫും എക്സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
Content Highlights :Drug raids continue in various parts of the state