
കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസിന് അനാസ്ഥയുണ്ടായെന്ന് യുവതിയുടെ പിതാവ്. വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തൻ്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭർത്താവ് യാസിറിൻ്റെ കൂടെ നിൽക്കാൻ താൽപര്യമില്ലെന്ന് മകൾ പറഞ്ഞിരുന്നു. കുഞ്ഞുള്ളത് കൊണ്ട് അവിടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മകൾ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അതോടെ മകളെ വീട്ടിലേക്ക് കൂട്ടി. വിഷയത്തിൽ പള്ളിക്കമ്മറ്റി ഇടപെട്ടു. എന്നാൽ യാസിറിൻ്റെ പിതാവ് പള്ളിക്കമ്മറ്റി പറഞ്ഞപ്പോൾ വരാൻ തയ്യാറായില്ല. യാസിർ പലതവണ വീട്ടിൽ മദ്യപിച്ച് വന്നു. നന്നാകുമെന്നാണ് ഷിബില പ്രതീക്ഷിച്ചിരുന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 28-ാം തീയതി താമരശ്ശേരി സ്റ്റേഷനിൽ വിശദമായ പരാതി നൽകി. യാസിർ സ്റ്റേഷനിൽ വെച്ച് പൊലീസിനോട് കയർത്ത് സംസാരിച്ചു. കൊലയ്ക്ക് ഉത്തരവാദി യാസിറിൻ്റെ ഉമ്മയും ഉപ്പയുമാണെന്നും പിതാവ് ആരോപിച്ചു.
സംഭവ ശേഷം യാസിർ മെഡിക്കൽ കോളേജിൽ വന്നത് താൻ മരിച്ചോ എന്നറിയാനാണ്. തന്നെയും യാസിർ കൊല്ലും. വിഷയത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
ശാരീരികമായി ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്ന രീതിയാണ് യാസിറിന്. നാല് ബാങ്കുകളിൽ നിന്ന് ലോൺ എടുത്തു. ആർഭാട ജീവിതം നയിച്ചു. സ്വർണം പണയം വെച്ചു. മോളുടെ പിറന്നാൾ ആഘോഷിച്ചതിനാണ് വസ്ത്രം എടുത്ത് കത്തിച്ചത്. നല്ല നിലക്ക് പിരിയാം എന്ന് പറഞ്ഞാണ് അന്നത്തെ ദിവസം യാസിർ വന്നത്. വന്നപ്പോൾ നല്ല സ്നേഹത്തിലായിരുന്നു. രണ്ട് കത്തി കൊണ്ടാണ് മകളെ കുത്തിയത്. നോമ്പ് തുറന്ന സമയത്തായിരുന്നു സംഭവം. പുറത്തിറങ്ങിയാൽ യാസിർ എല്ലാവരെയും കൊല്ലും. പ്രതിക്ക് നല്ല ശിക്ഷ കൊടുക്കണം. അറബി നാടുകളിലെ ശിക്ഷ വേണമെന്നും ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടു.
യാസിറിൻ്റെ കൂട്ടുകാരനാണ് ഉമ്മയെ കുത്തിയ ആഷിക്ക്. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ആഷിക്ക് ഉമ്മയെ കൊന്നതോടെ മകൾക്ക് പേടിയായി. കുഞ്ഞിനെ നന്നായി നോക്കണമെന്ന് മകൾക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും പിതാവ് വിതുമ്പലോടെ പറഞ്ഞു.
മാർച്ച് 18-നാണ് താമരശ്ശേരി ഈങ്ങാപ്പുഴയിൽ യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിർ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിർ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിർ വീട്ടിലെത്തിയതെന്നാണ് വിവരം. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതിൽ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നാണ് യാസിർ പൊലീസിനോട് പറഞ്ഞത്. ഷിബിലയെ യാസിർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. സ്നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നുഇരുവരും. വീട്ടുകാർ പിന്തുണയ്ക്കാത്തതിനെ തുടർന്ന് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസർ ഷിബിലയെ നിരന്തരം ആക്രമിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിർ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കിയിരുന്നുവെന്ന് ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlights: