
കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്വീകരിക്കാന്‍ ചെണ്ടമേളയും പടക്കവും. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. ടി സിദ്ധിഖ് എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിന് പുറകിലായിരുന്നു മന്ത്രി വരുമ്പോള്‍ പടക്കം പൊട്ടിച്ചത്.
അതേസമയം എംഎല്‍എയടക്കമുള്ള വൈത്തിരി താലൂക്കിലെ ടീം നന്നായി പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാടും കാസര്‍ഗോഡും ഇനി മെഡിക്കല്‍ കോളേജ് കൂടി വേണമെന്നും മന്ത്രി പറഞ്ഞു. 'പാലക്കാട് എസ്‌സി, എസ്ടി വകുപ്പിന്റെ മെഡിക്കല്‍ കോളേജുണ്ട്. മറ്റ് 11 ഇടത്തും മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം മെഡിക്കല്‍ കോളേജിന് ധനസഹായം നല്‍കുമ്പോള്‍ കേരളത്തില്‍ ഈ രണ്ട് ജില്ലകളിലും ധനസഹായം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നമുക്കത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സംസ്ഥാനത്തെ മെഡിക്കല്‍ കൗണ്‍സില്‍ വയനാടിന് പത്ത് കോടി രൂപ നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയെ സ്വയംപര്യാപ്തമാക്കുരകയാണ് ഉദ്ദേശ്യം', വീണാ ജോര്‍ജ്ജ് പറഞ്ഞു.
കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദയെ കാണാനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും അനുമതിക്കുള്ള അറിയിപ്പ് ലഭിച്ചാല്‍ അദ്ദേഹത്തെ കാണുമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയെയും മന്ത്രി വിമര്‍ശിച്ചു.
'മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും എംഎല്‍എമാരും ജന്തര്‍ മന്ദിറില്‍ സമരം നടത്തി. നമ്മള്‍ നടത്തിയതിന്റെ തൊട്ടുപിന്നാലെ കര്‍ണാടകയും സമരം നടത്തി. സാമ്പത്തിക ഫെഡറല്‍ സംവിധാനത്തെ വര്‍ത്തമാനകാല ഇന്ത്യയില്‍ തകര്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം 2023-24 വര്‍ഷത്തെ എന്‍എച്ച്എമ്മിന്റെ ഫണ്ടിലെ ക്യാഷ് ഗ്രാന്‍ഡ് ലഭിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. പല തലത്തിലുള്ള ചര്‍ച്ചകളും നടത്തുന്നുണ്ട്', വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
സമരമിരിക്കുന്ന ആശമാര്‍ നിരാഹാരത്തിലേക്ക് പോകരുതെന്നുള്ളത് കൊണ്ടാണ് ചര്‍ച്ച നടത്തിയതെന്നും അവര്‍ പറഞ്ഞു. നിരാഹാരത്തിലേക്ക് പോകരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആശ സ്‌കീം കേന്ദ്ര സ്‌കീമാണ്. 2005-2006ലാണ് സ്‌കീം ആരംഭിച്ചത്. അന്ന് കേന്ദ്രം പ്രഖ്യാപിച്ച ഇന്‍സെന്റീവ് അതുപോലെ തുടരുകയാണ്. വുമണ്‍ ഗൈഡ്‌ലൈന്‍ എന്ന മാനദണ്ഡം നിലനില്‍ക്കുന്നു. സംസ്ഥാനത്ത് ഈ മാനദണ്ഡം മാറ്റാന്‍ സാധിക്കില്ലെന്ന് അതില്‍ കൃത്യമായി പറയുന്നുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.
Content Highlights: firecrackers were set off near the emergency department to welcome the Minister Veena George