
തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി സഹോദരൻ ജോസ് മാധ്യമങ്ങളോട്. ജോമോൻ ബിജുവിന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജോമോന് പണം നൽകാനുള്ളതായി അറിവില്ല. ജോമോനും ബിജുവും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണുള്ളത്. ജോമോനുമായുള്ള ഷെയർ ബിജു പിരിഞ്ഞിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും സഹോദരൻ ജോസ് പറഞ്ഞു. ഷെയർ പിരിയുമ്പോൾ പണം തിരികെ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോസിന്റെ വാക്കുകൾ
'കാറ്ററിങ് ബിസിനസിൽ ബിജുവും ജോമോനൊപ്പം പങ്കാളിയായിരുന്നു. അത് വലിയ മെച്ചമില്ലെന്ന് കണ്ടതോടെ ഷെയർ പിരിഞ്ഞു. പിന്നീട് അവർ തമ്മിൽ സാമ്പത്തിക ഇടപാടുകളിൽ തർക്കമായി. പിന്നീട് പൊലീസിൽ കേസ് കൊടുത്തിരുന്നു. തുടർന്നവരുടെ പോക്ക് സുഖകരമായിരുന്നില്ല. ആദ്യം ബിജുവിന് വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. അവിടെ വണ്ടി നന്നാക്കാൻ വന്നുള്ള പരിചയമാണ് ജോമോനുമായി. ബിജു ഒരു ഷുഗർ പേഷ്യന്റ് ആയിരുന്നു. അതുമൂലമുണ്ടായ ബുദ്ധിമുട്ടുകൾ കാരണമാണ് ജോമോനൊപ്പം ബിസിനസ് പങ്കാളിയായത്. ബിജുവിന് ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്'.
ബിജു ജോസഫിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പുരോഗമിക്കവെ പൊലീസ് പിടികൂടിയ കാപ്പ കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് കലയന്താനിയിലെ ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തിയതും അത് ബിജുവിൻ്റേതാണെന്ന് സ്ഥിരീകരിച്ചതും.
കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ ക്വട്ടേഷൻ നൽകുന്നത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ഇവർ ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയുണ്ടായ മർദ്ദനത്തിൽ ബിജു കൊല്ലപ്പെട്ടു.
തുടർന്ന് ജോമോൻ്റെ ഉടമസ്ഥതയിലുള്ള കലയംതാനിയിലെ ഗോഡൗണിലെത്തിച്ച് മാൻ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. ഷെയർ സംബന്ധിച്ച് തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആഷിക്കിനെയും പുറത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
Content Highlights: brother jose on thodupuzha biju joseph's death case