
കൊച്ചി: ആലുവ-മൂന്നാർ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ സമരത്തിൽ പ്രതിഷേധിച്ച ബിഷപ്പിനെതിരെ കേസെടുത്ത വനം വകുപ്പ് നടപടി അപലപനീയമെന്ന് സീറോ മലബാർ സഭ. കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലടക്കം 23 പേർക്കെതിരെയാണ് കേസെടുത്തത്. സമാധാനപരമായി പ്രതിഷേധിച്ച മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉൾപ്പടെയുള്ളവർക്കെതിരെ എടുത്ത കേസ് സർക്കാർ ഇടപെട്ട് പിൻവലിക്കണമെന്നും രാജപാത പൂർണമായും സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക് ഗതാഗതത്തിന് തുറന്ന് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആലുവയിൽ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പൻകുത്ത് വരെ എത്തിചേരുന്ന ആലുവ മൂന്നാർ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പാതയാണ്. രാജഭരണകാലത്ത് നിർമ്മിച്ചതും അക്കാലം മുതൽ വാഹന ഗതാഗതം നടന്നിരുന്നതുമായ പ്രസ്തുത പാതയുടെ പൂയം കുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള ഭാഗം, വനം വകുപ്പ് അന്യായമായി കയ്യേറി അടച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത് എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
ഈ റോഡിൽ ബാരിക്കേഡ് നിർമ്മിച്ച് വാഹനഗതാഗതം തടയുകയും പൊതുജനത്തിന് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. രാജപാത തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഈ ജനകീയ യാത്രയിൽ പങ്കെടുത്തത്. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവരേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
Content Highlights :Demand to open Aluva-Munnar highway; Case filed against 23 people including bishop who protested